sabarimala-women-entry

തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ കയറ്രാൻ വീണ്ടും ശ്രമം. മകര വിളക്ക് അവസാനിക്കുന്നതിന് മുമ്പ് ഏത് വിധനേയും ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കം ശക്തമാക്കി സി.പി.ഐ എം.എൽ റെഡ്സ്റ്രാറിന്റെ നേതൃത്വത്തിലുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ. ശ്രമം പരാജയപ്പെടാതിരിക്കാൻ ശബരിമലയിലേക്കുള്ള സംഘത്തിന്റെ വരവ് രഹസ്യമാക്കി വയ്ക്കാനാണ് നീക്കം. പൊലീസിന്റെ സഹായം കൂടാതെയാകും ശബരിമലയിൽ പ്രവേശിക്കുക. വിശദ വിവരങ്ങൾ നാളെ എറണാകുളത്ത് ചേരുന്ന വനിതാ സംഘടനകളുടെ യോഗത്തിൽ തീരുമാനിക്കും.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ് ബുക്ക് കൂട്ടായ്മയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ജനാധിപത്യ കേരളം ജനുവരിയിൽ ശബരിമലയിലേക്ക്
എന്ന ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ശിക്ഷക് സദനിൽ ഡിസം: 29 ന് യോഗം ചേർന്നിരുന്നു. വ്യക്തികളുടെ ഒറ്റപ്പെട്ട ഇടപെടലുകളല്ല , സംഘടിതമായ ശ്രമങ്ങളാണ് ശബരിമലയിൽ യുവതീ പ്രവേശനത്തിനായി ഉണ്ടാവേണ്ടത് എന്ന നിഗമനത്തെ തുടർന്നാണ് യോഗം ചേർന്നത്.

ആദിവാസി അവകാശ പുന:സ്ഥാപന സമിതി, തിരുവനന്തപുരം കേന്ദ്രമായ വീ ദി പീപ്പിൾ, ആർപ്പോ ആ‌ർത്തവം, സി.പി.ഐ എം. എൽ റെഡ് സ്റ്രാർ എന്നിവയുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ ശബരിമലയിൽ വന്ന് തിരിച്ചുപോകേണ്ടി വന്ന മനിതി പ്രവർത്തകർ വീണ്ടും ശബരിമലയിൽ എത്തുമെന്നും സൂചനയുണ്ട്