കഴിഞ്ഞ വർഷം സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ വിവാദമാണ് മീ ടു. പുതുവർഷത്തിലും ഇത് വിവാദമായി തന്നെ പടരുമെന്നാണ് പുതിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയാണ് ബോളിവുഡ് നടിമാരെ രണ്ട് തട്ടിലാക്കിയിരിക്കുന്നത്. മീ ടു വിവാദത്തെക്കുറിച്ച് നടി റാണി മുഖർജി നടത്തിയ അഭിപ്രായമാണ് പുതിയ വിവാദത്തിരി കൊളുത്തിയത്.
മീടു മൂവ്‌മെന്റിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ സ്വയം പര്യാപ്‌തരാകണമെന്നായിരുന്നു റാണി മുഖർജിയുടെ കമന്റ്. നിങ്ങൾ ശക്തരാണെന്നുള്ള വിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്ക് നേരെ വരുന്ന മോശം സാഹചര്യങ്ങളോട് നോ പറയാൻ സാധിക്കും. ആക്രമണങ്ങളിൽ നിന്ന് സ്വയം ചെറുത്ത് നിൽക്കാനുളള കഴിവ് സ്ത്രീകൾക്കുണ്ടെന്ന് ആദ്യം മനസ്സിലാക്കുകയാണ് വേണ്ടത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ പെൺകുട്ടികൾ ആയോധനകല സ്വയം അഭ്യസിക്കണം. ആക്രമണങ്ങളിൽ നിന്നുമുളള സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും താരം പറഞ്ഞു.
ഇതിനെതിരെ യുവനടിമാരായ അനുഷ്‌ക ശർമ്മ, ദീപിക പദുകോൺ, ആലിയ ഭട്ട് എന്നിവർ രംഗത്തെത്തി. റാണി മുഖർജിയുടെ ജീനു പോലെയല്ല എല്ലാ സ്ത്രീകളുടേയുമെന്നാണ് ദീപിക അഭിപ്രായപ്പെട്ടത്. എന്തുകൊണ്ടാണ് അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾ സ്വയം പ്രതിരോധിക്കണമെന്ന് പറയുന്നതെന്നും ദീപിക ചോദിച്ചു . ഇതേ അഭിപ്രായത്തിൽ തന്നെയായിരുന്നു അനുഷ്‌കയും ആലിയയും. സ്ത്രീകൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി തന്നെ മൂവരും പ്രതികരിച്ചിരുന്നു. റാണിയുടെ അഭിപ്രായത്തിനെതിരെ മറ്റു നായികമാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, റാണിയെ അനുകൂലിക്കുന്ന ചിലരുമുണ്ടായിരുന്നു. തനുശ്രീ ദത്ത നടൻ നാനാ പടേക്കറിനെതിരെ ഉയർത്തിയ മീ ടു വിവാദമാണ് ചാനൽ ചർച്ചയിലും തുടക്കമിട്ടത്. ആ വിവാദത്തിനെതിരെ റാണിയുടെ നിലപാടുകളോട് തുടക്കം മുതൽ തന്നെ യുവനടിമാർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.