bhulandshahr

ലക്‌നൗ: ഗോവധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ബുലന്ദ്ശഹറിൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്​പെക്​ടർ സുബോധ്​ കുമാർ സിംഗിനെ മഴുകൊണ്ട്​ വെട്ടിയയാളെ അറസ്​റ്റ് ചെയ്‌തു. ഇൻസ്​പെക്​ടറെ പിന്തുടർന്ന്​ മഴുകൊണ്ട്​ വെട്ടിയ കൗല എന്നയാളാണ്​ അറസ്​റ്റിലായത്​. ഇയാൾ സുബോധ്​ കുമാറി​​ന്റെ തലയിൽ മഴു​കൊണ്ട്​ വെട്ടുകയും കൈ വിരലുകൾ അരിഞ്ഞെടുക്കുകയും ചെയ്​തിരുന്നു. കല്ല്,​ വടി,​ കോടാലി തുടങ്ങിയ ആയുധങ്ങളുമായി ആക്രമിക്കുകയും ചെയ്‌തിരുന്നു.

ഡിസംബർ മൂന്നിന്​ സംഘപരിവാർ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ വെടിയേറ്റാണ്​ സുബോധ്​ കുമാർ മരിച്ചത്​. വെടിയേൽക്കുന്നതിന്​ തൊട്ട്മുമ്പാണ്​ സുബോധ്​ കുമാർ സിംഗിനെ​ മഴുകൊണ്ട് ആക്രമിച്ചത്​. വനത്തിനടുത്ത് പശുവിന്റെ ജഡങ്ങൾ കണ്ടെതിനെ തുടർന്ന് സംഘർഷാവസ്ഥ തടയാനാണ് പൊലീസ് ബുലന്ദ്ശഹറിൽ എത്തിയത്. എന്നാൽ ജനക്കൂട്ടം സുബോധ് കുമാറിനെ ആക്രമിക്കുകയായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അക്രമികൾ കോടാലികൊണ്ട് വെട്ടി വീഴ്‌ത്തി. തുടർന്ന് വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെ വച്ച് സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു.

സുബോധ്കുമാറിനെ പോയിന്റ് ബ്ലാങ്കിൽ തലയ്‌ക്കുനേരെ വെടിവച്ച പ്രശാന്ത് നട്ടിനെ ഡിസംബർ 28ന് അറസ്റ്റ് ചെയ്തിരുന്നു. വെടി വച്ചതിന് ശേഷവും സുബോധ് കുമാറിനെ അവർ വെറുതെ വിട്ടില്ല. മറ്റ് പൊലീസ് ഉദ്യോഗസ്ഥർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അയാളെ വീണ്ടും വടി ഉപയോഗിച്ച് മർദ്ദിച്ചു. പിന്നീട് രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായെന്നും പൊലീസ് പറയുന്നു.