ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബി.ജെ.പി നേതാവ് സാവിത്രിഭായ് ഭുലേ രംഗത്തെത്തി. ക്ഷേത്രങ്ങൾ കൊണ്ടോ കുംഭമേള കൊണ്ടോ രാജ്യം വികസിക്കില്ലെന്ന് പറഞ്ഞ അവർ രാജ്യത്തിന്റെ ഭരണഘടന നടപ്പിലാക്കുകയാണ് ശരിയായ മാർഗമെന്നും കൂട്ടിച്ചേർത്തു. പട്ടികജാതി. പട്ടികവർഗ വിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുമ്പോൾ ഉത്തർപ്രദേശ് സർക്കാർ കുംഭമേളയ്‌ക്ക് വേണ്ടി കോടികൾ മുടക്കുന്നത് ശരിയാണോയെന്നും അവർ ചോദിച്ചു.
രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെയും ദളിതുകളുടെയും പട്ടിണി മാറ്റാൻ കുംഭമേളയ്‌ക്ക് കഴിയുമോയെന്ന് ചിന്തിക്കണം. വിവിധ പ്രശ്‌നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് സർക്കാർ അനാവശ്യമായി പണം ചെലവഴിക്കുന്നത്. അമ്പലങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് രാജ്യം ഭരിക്കാനാവില്ലെന്നും മറിച്ച് ഭരണഘടനയാണ് ഇതിന് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ ക്രമസമാധാന നില സംരക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഭുലെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണം നടത്താൻ യോഗി ആദിത്യനാഥിന് കഴിയുന്നില്ല. വിവിധ മാദ്ധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹത്തെ വിഭജിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബർ ആറിനാണ് ഭുലെ പാർട്ടിയിൽ നിന്നും രാജിവച്ചത്. ഇതിന് ശേഷം ഭുലെ നടത്തിയ പല പ്രസ്‌താവനകളും ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.