നിരവധി പുരസ്‌കാരങ്ങൾ നേടിയ കമ്മട്ടിപ്പാടത്തിനു ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് രാജീവ് രവി. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പേരും തുറമുഖം എന്നു തന്നെയാണ്. ഇക്കുറി ദുൽഖർ സൽമാനോ ഫഹദ് ഫാസിലോ അല്ല രാജീവിന്റെ നായകനായി എത്തുന്നത്. നിവിൻ പോളിയാണ് തുറമുഖത്തിലെ ഹീറോ. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർ ഹിറ്റിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേൽ, ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയാണ് നിവിൻ പോളി. തെക്കേപ്പാട്ട് ഫിലിംസ് ആണ് തുറമുഖം നിർമിക്കുന്നത്. പുതിയ ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു എന്ന വാർത്ത തന്റെ ഒഫിഷ്യൽ പേജിലൂടെ നിവിൻ പങ്കു വച്ചിരുന്നു. 18നും 55നും ഇടയിൽ പ്രായമുള്ളവരെയാണ് അണിയറക്കാർ തിരയുന്നത് എന്നുള്ള വാർത്തയായിരുന്നു ഫേസ്ബുക്ക് കുറിപ്പായി വന്നത്.