പാരീസ്: ആറ് വയസിൽ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടിയെന്ന പട്ടം കിട്ടി. പതിനേഴുവയസിലും കിട്ടി ആ പട്ടം. പ്രശസ്ത ഫ്രഞ്ച് മോഡൽ തൈലനെ ബ്ളോൻഡിയയാണ് ഇൗ അപൂർവ നേട്ടം സ്വന്തമാക്കിയത്. സൗന്ദര്യത്തിന്റെ എല്ലാസവിശേഷതകളും ഒത്തുചേർന്നതുകൊണ്ടാണ് ബ്ലോൻഡിയയ്ക്ക് പുരസ്കാരം നൽകുന്നതെന്നാണ് പുരസ്കാര ദാതാക്കളായ ടി.സി.ക്ളാൻഡേഴ്സ് പറയുന്നത്. തായ്വാൻ ഗായികയായ ചൗട്സു യുവിക്കാണ് രണ്ടാം സ്ഥാനം.
1990മുതലാണ് ടി.സി.ക്ളാൻഡേഴ്സ് വാർഷിക അവാർഡ് വിതരണം തുടങ്ങിയത്. യുട്യൂബ് ചാനലിൽ മത്സരാർത്ഥികളുടെ വീഡിയോ കണ്ട് പ്രേക്ഷകരാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ലോകത്തെ മികച്ച സൗന്ദര്യമുള്ള നൂറുപേരുടെ പട്ടികയാണ് പുറത്തുവിടുന്നത്. ഏറ്റവും ജനകീയമായ ബ്യൂട്ടി അവാർഡെന്ന പെരുമ ചുരുങ്ങിയ സമയംകൊണ്ട് സ്വന്തമാക്കുകയും ചെയ്തു. അവാർഡിന് പരിഗണിക്കുന്നവരുടെ ലിസ്റ്റിലുൾപ്പെടാൻ തന്നെ നൂറുകണക്കിന് സുന്ദരിമാരാണ് കാത്തിരിക്കുന്നത്. പറയത്തക്ക വമ്പൻ സമ്മാനങ്ങളൊന്നും ലഭിക്കില്ലെങ്കിലും മോഡലിംഗ് രംഗത്ത് മികച്ച അവസരമായിരിക്കും ലഭിക്കുക. അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബ്ളോൻഡിയ.
'ഒരിക്കലും പ്രതീക്ഷിക്കാത്തത് ലഭിച്ചു'എന്നാണ് ഇൻസ്റ്റാഗ്രാം പേജിൽ അവർ കുറിച്ചത്. ആയിരക്കണക്കിനുപേരാണ് അഭിനന്ദനം അറിയിച്ചത്.മുൻ ഫ്രഞ്ച് ഫുട്ബാൾ താരം പാട്രിക് ബ്ളോഡ്യൂവിന്റെയും അഭിനേത്രിയും ഫാഷൻ ഡിസൈനറുമായ വെറോണിക്ക ലൗബ്രിയുടെ മകളുമാണ് ബ്ളോൻഡിയ. പത്താം വയസിൽ വോഗ് പാരീസ് മാഗസിനുവേണ്ടി മോഡലായും ബ്ളോൻഡിയ ചരിത്രം കുറിച്ചിരുന്നു. പക്ഷേ, ചില വിമർശനങ്ങൾ ഉയർന്നിരുന്നു. മകളുടെ ചിത്രത്തെ ന്യായീകരിച്ചുകൊണ്ട് വെറോണിക്ക രംഗത്തെത്തിയതോടെയാണ് വിമർശനം അവസാനിച്ചത്.