ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ മരുമക്കളായ കേറ്റ് മിഡിൽടണിന്റെയും മേഗൻ മർക്കിളിന്റെയും അടി അങ്ങാടിപ്പാട്ടാണ്. മേഗനെ കേറ്റിന് വലിയ പേടിയാണെന്നാണ് കേൾക്കുന്നത്. അക്കാര്യം തെളിയിക്കുന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ക്രിസ്മസിനുശേഷം നോർഫോർക്ക് എസ്റ്റേറ്റിൽ വേട്ടയ്ക്കിറങ്ങുന്നത് രാജകുടുംബത്തിന്റെ പതിവാണ്. മേഗനെ പേടിച്ച് ഇത്തവണ വേട്ടയാടൽ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു കേറ്റ്.
പക്ഷേ, ഭർത്താവ് ഹാരിക്കൊപ്പം മേഗൻ പുറത്തുപോയെന്നറിഞ്ഞ ഉടൻ കേറ്റ് ഭർത്താവായ വില്യമിനൊപ്പം വേട്ടയ്ക്കിറങ്ങിയത്രേ. കടുത്ത മൃഗസ്നേഹിയാണ് മേഗൻ. വേട്ടയാടലൊന്നും ഇഷ്ടമില്ല. പക്ഷേ, നോൺവെജാണ്. ഒരു ജീവിയെയും ആവശ്യമില്ലാതെ കൊല്ലരുതെന്ന പക്ഷക്കാരിയാണ്. അതിനാലാണ് വേട്ടയാടലിന് എതിരായത്.വേട്ടയ്ക്കുപോകുന്നതറിഞ്ഞാൽ മേഗൻ വായതുറക്കും. അത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കും. അതിനാലാണ് വേട്ടയാടൽ കേറ്റ് തൽക്കാലം പെൻഡിംഗിലാക്കിയത്.
മേഗൻ സ്ഥലത്തില്ലെന്ന് അറിഞ്ഞതോടെ ഭർത്താവിനൊപ്പം തോക്കുമായി എസ്റ്റേറ്റിലിറങ്ങുകയായിരുന്നു. താറാവിനെയും മറ്റുചില പക്ഷികളെയുമാണ് വേട്ടയാടിയത്. വേട്ടയാടൽ കേറ്റിന് ഏറെ ഇഷ്ടമാണ്. ഇതിനായി ഇരുപതോളം സ്പെഷ്യൽ തോക്കുകളും വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ ഭർത്താവിനെപ്പോലും തൊടീക്കില്ലെന്നാണ് കേൾക്കുന്നത്.
കേറ്റും മേഗനുമായുള്ള ഉടക്ക് അതിന്റെ പാരമ്യത്തിലെത്തിയെന്നാണ് രാജകുടുംബവുമായി അടുപ്പമുള്ളവർ പറയുന്നത്. ഉടക്കുമൂത്തതോടെ ഇരുവരും വെവ്വേറെ വീടുകളിൽ താമസിക്കാൻ പോകുന്നു എന്നും കേട്ടിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് രാജകുടുംബാംഗങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.