ലണ്ടൻ: മുൻ ഫുട്ബാൾ താരം ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും ഇത്തവണത്തെ പുതുവർഷാഘോഷം അടിപൊളിയാക്കി. ഇരുപത്തേഴുലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയത്. അടുത്ത ബന്ധുക്കളും കൂട്ടുകാരുമടക്കം വെറും ഇരുപതുപേരാണ് ആഘോഷങ്ങൾക്കെത്തിയിരുന്നത്. മുപ്പതുലക്ഷത്തിനുമേൽ ആഘോഷങ്ങൾക്കായി പൊടിച്ചിട്ടുണ്ടെന്നാണ് അടുപ്പക്കാർ സൂചിപ്പിക്കുന്നത്.
സ്റ്റാർഹോട്ടലുകളെ വെല്ലുന്ന ആഘോഷമാണ് പാർപ്പിട സമുച്ചയത്തിൽ നടന്നത്. സ്പെഷ്യൽ വെടിക്കെട്ടും ലേസർഷോയുമുണ്ടായിരുന്നു. ഇൗ രംഗത്തെ വിദഗ്ധരെയാണ് ഇക്കാര്യങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഭക്ഷണകാര്യത്തിലും ഇതുപോലെതന്നെയായിരുന്നു. ഒന്നിനും ഒരു കുറവുംവരാതിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാത്തിന്റെയും ചുമതലക്കാരി വിക്ടോറിയ തന്നെയായിരുന്നു. അതിഥികളെ കാര്യമായി സ്വീകരിക്കുക മാത്രമായിരുന്നു ബെക്കാമിന്റെ ജോലി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വൈൻ പാർട്ടിയിൽ എത്തിക്കാനും വിക്ടോറിയ മറന്നില്ല. പക്ഷേ, കൊടുത്തത് വളരെ വേണ്ടപ്പെട്ടവർക്ക് മാത്രം.
ന്യൂ ഇയർ അടിച്ചുപൊളിക്കാനുള്ള തീരുമാനമെടുത്തത് ഒരുമാസം മുമ്പാണ്. വിക്ടോറിയയാണ് ഇക്കാര്യം പറഞ്ഞത്. ബെക്കാമിനും മക്കൾക്കും പെരുത്ത് സന്തോഷം. ആഘോഷത്തിന് എന്തൊക്കെ വേണമെന്നതും ആരെയൊക്കെ വിളിക്കണമെന്നും എല്ലാവരും കൂടിയാണ് തീരുമാനിച്ചത്. എല്ലാവർക്കും ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ;മറ്റെങ്ങും കാണാത്ത തരത്തിൽ സ്പെഷ്യലായിരിക്കണം ആഘോഷങ്ങൾ. ഇക്കാര്യത്തിൽ പൂർണമായി വിജയിക്കുകയും ചെയ്തു.