തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് പേർ. പിന്തുണയുമായി നൂറോളം സമുദായിക സംഘടനകൾ കൂടി എത്തിയതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ സമാനതകളില്ലാത്തെ സംഭവമായി വനിതാ മതിൽ മാറി. കാസർകോട് മുതൽ തിരുവനന്തപുരത്ത് വെള്ളയമ്പലം വരെ ദേശീയ പാതയിൽ 620 കിലോമീറ്രർ ദൂരത്തിലാണ് വനിതാ മതിലുയർന്നത്. വൈകിട്ട് 3.45ന് റിഹേഴ്സൽ പൂർത്തിയാക്കി നാല് മണിക്ക് തന്നെ മതിൽ തുടങ്ങി. 4.15വരെ നീണ്ടു നിന്നു. വനിതാ മതിലിന് പിന്തുണയുമായി പുരുഷന്മാരും റോഡിന്റെ മറുവശത്ത് അണിനിരന്നിരുന്നു. ഏതാണ്ട് 50 ലക്ഷം പേർ മതിലിൽ അണിനിരന്നെന്നാണ് സംഘാടകർ അറിയിച്ചത്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ കാസർകോട് മതിലിന്റെ ആദ്യകണ്ണിയും സി.പി.എം പോളിറ്ര് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് വെള്ളയമ്പലത്ത് മതിലിന്റെ അവസാന കണ്ണിയുമായി. മതേതര നവോത്ഥാന പ്രതിജ്ഞ ചൊല്ലിയാണ് വനിതകൾ പിരിഞ്ഞത്. പ്രധാന കേന്ദ്രങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ സാമൂഹ്യ, രാഷ്ട്രീയ നായകർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മതിലിന്റെ തെക്കേ അറ്രമായ വെള്ളയമ്പലത്ത് മതിലിന് അഭിവാദ്യം അർപ്പിച്ചു.വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്‌പാർച്ച നടത്തിയ ശേഷമാണ് അദ്ദേഹം പരിപാടിക്കെത്തിയത്. ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദനും വെള്ളയമ്പലത്തെ വേദിയിലെത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാരും വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതിയും തിരുവനന്തപുരത്ത് മതിലിൽ പങ്കെടുത്തു. നവോത്ഥാന സംരക്ഷണ സമിതിയിലുള്ള 174 സംഘടനകളുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് പേർ മതിലിന്റെ ഭാഗമായി. ഇടതുപക്ഷ മഹിളാ സംഘടനകൾ 50 ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കം പൂർത്തിയാക്കിയിരുന്നു.
ഗിന്നസിലേക്ക്..
ലക്ഷക്കണക്കിന് വനിതകൾ ഒരുമിച്ച് ചേരുന്ന മതിൽ അപൂർവമായ കൂട്ടായ്മയായതിനാൽ ഇത് ഗിന്നസ് ബുക്കിൽ രേഖപ്പെടുത്താനായി നിരീക്ഷണത്തിനായി ഗിന്നസ് യൂണിവേഴ്സൽ റെക്കാഡ്സ് ഫോറവും കേരളത്തിലെത്തിയിരുന്നു. ഇനി ഔദ്യോഗികമായ പ്രഖ്യാപനം കൂടി മാത്രമേ ബാക്കിയുള്ളൂ.