alapuzha-drug-case
അറസ്റ്റിലായ അസീം ഹബീബ് , ഷിഫാഫ് ഇബ്രാഹിം , മുഹമ്മദ് സഫോഫ് , ആന്റണി സാമി എന്നിവർ

കൊച്ചി: കൊച്ചിയിൽ നാല് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മാലി പൗരന്മാർ പിടിയിലായ കേസിൽ പൊലീസ് അന്വേഷണം ആലപ്പുഴ സ്വദേശിയിലേക്ക്. പ്രതികളുമായി അടുത്ത ബന്ധമുള്ള ഇയാളാണ് മാലിയിലേക്ക് കടത്താനുള്ള ഹാഷിഷ് ഓയിൽ പ്രതികൾക്ക് കൈമാറിയത്. ഫോർട്ട്കൊച്ചിക്കും മൈസൂരിനും പുറമേ പ്രതികൾ ആലപ്പുഴയും സന്ദർശിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പേരുവിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.


അതേസമയം, ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചാണ് ഇടപാട് നടന്നിരിക്കുകയെന്നാണ് പൊലീസ് നിഗമനം. ആലപ്പുഴ സ്വദേശിയുടെ ഭാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അലപ്പുഴയിൽ എത്തിയ പ്രതികൾ മെഡിക്കൽകോളേജും സന്ദർശിച്ചിട്ടുണ്ട്. ഈ സമയം ആലപ്പുഴ സ്വദേശിയും ആശുപത്രിയിലുണ്ടായിരുന്നു. ഈ കണ്ടെത്തലിനെ തുടർന്നാണ് ഇടപാട് നടന്നിരിക്കുന്നത് മെഡിക്കൽ കോളേജിൽ വച്ചായിരിക്കാം എന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടുള്ളത്. ആലപ്പുഴ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. രാമേശ്വരത്ത് നിന്നാണ് ഹാഷിഷ് ഓയിൽ കൊച്ചിയിൽ എത്തിച്ചതെന്നാണ് മാലി സ്വദേശികൾ മൊഴി നൽകിയിട്ടുള്ളത്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.

എത്തിയത് വിദേശ ടൂറിസ്റ്റുകളായി
അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയാ സംഘത്തിലെ അംഗങ്ങളായ മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ് (33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ്(35), തമിഴ്‌നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി (30) എന്നിവരാണ് നാല് കോടിയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായത്. ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. ഷാംബൂ ബോട്ടിലുകളിൽ നിറച്ച് കടത്താൻ തയ്യാറാക്കിയ നിലയിലുള്ള ഒന്നര ലിറ്ററോളം ഹൈ ഗ്രേഡ് 'ഹാഷിഷ് ഓയിലാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ഇന്ത്യൻ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ മാസങ്ങളായി തെരഞ്ഞിരുന്ന പ്രതികളെ,സിറ്റി പൊലീസ് കമ്മിഷണർ എം.പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സൈബർ സെല്ലിന്റ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പിടികൂയത്. വിദേശ ടൂറിസ്റ്റുകൾ എന്ന നിലയിൽ നഗരത്തിലെത്തിയ സംഘം ഹോട്ടലുകളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു.

ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിൽ സെൻട്രൽ സി.ഐ അനന്തലാൽ, ഷാഡോ എസ്.ഐ, എ.ബി വിബിൻ സി.പി.ഒമാരായ അഫ്‌സൽ, ഹരിമോൻ, സാനു, വിനോദ്,സനോജ്, സാനുമോൻ, വിശാൽ, സുനിൽ, അനിൽ, യൂസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഡിസംബറിൽ നിരവധി തവണയെത്തി

മാലി പൗരന്മാർ കഴിഞ്ഞ ഡിസംബറിൽ മാത്രം നിരവധി തവണ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. പാസ്‌പോർട്ടും മറ്റു രേഖകളും വിശദമായി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. നാലംഗ സംഘം ഒരുമിച്ചാണ് ദക്ഷിണേന്ത്യൻ എയർപോർട്ടുകൾ വഴി ഇന്ത്യയിലെത്തിയിട്ടുള്ളത്. മാലീ ദ്വീപ്, തായലന്റ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രതികൾ എത്തിയിട്ടുള്ളത്. ഇന്ത്യയിലെത്തിയത് എന്തിനെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.