prakashraj

ബെംഗളൂരു: രജനികാന്തിനും കമലഹാസനും പിന്നാലെ പ്രശസ്‌ത നടൻ പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കും.ഏത് മണ്ഡലത്തിൽ ജനവിധി തേടുമെന്ന് പിന്നാലെ തീരുമാനിക്കും.

പുതുവർഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയപ്രവേശനം അറിയിച്ചത്.

'അബ് കി ബാർ ജനതാ സർക്കാർ' (ഇനി വേണ്ടത് ജനങ്ങളുടെ സർക്കാർ ) എന്ന മുദ്രാവാക്യത്തോടെയാണ് ട്വീറ്റ്. അബ് കി ബാർ മോദി സർക്കാർ എന്നായിരുന്നു 2014ൽ ബി.ജെ.പിയുടെ മുദ്രാവാക്യം.

മോദി സർക്കാരിന്റെയും ബി.ജെ.പിയുടേയും കടുത്ത വിമർശകനായ പ്രകാശ് രാജ് മാദ്ധ്യമ പ്രവർത്തകയും സുഹൃത്തുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് ശക്തമായ വിമർശനങ്ങളുമായി പൊതുവേദികളിലെത്തുന്നത്.

അതേസമയം, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുമോ, പുതിയ പാർട്ടി ഉണ്ടാക്കുമോ എന്നൊന്നും അദ്ദേഹം സൂചിപ്പിച്ചിട്ടില്ല.