പനാജി : രോഗക്കിടക്കയിൽ നിന്നും മൂക്കിലൂടെ കുഴലിട്ട നിലയിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ പുതുവർഷത്തിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിലെത്തി. പാൻക്രിയാസ് കാൻസറിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന 63കാരനായ പരീക്കർ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ ഓഫീസിലെത്തിയത്. അമേരിക്കയിലെയും മുംബയിലെയും ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു.
രാവിലെ 10.45 ഓടെയാണ് പരീക്കർ സെക്രട്ടേറിയറ്റിലെത്തിയത്. അവിടെയുണ്ടായിരുന്ന ആളുകളെ നോക്കി ചിരിച്ചു. ശേഷം സഹായികൾക്കൊപ്പം മുന്നോട്ട് നീങ്ങി. ഗോവ നിയമസഭാ സ്പീക്കറും മന്ത്രിമാരും ബി.ജെ.പി എം.എൽ.എമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നിലവിലുള്ള ഒഴിവുകൾ സംബന്ധിച്ച് അവലോകനം നടത്താനും അടിയന്തരമായി നടപ്പാക്കേണ്ട ഉത്തരവുകൾക്കും മറ്റുമായി ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ച് ചേർത്തു.