അമ്പലപ്പുഴ : പുതുവത്സരത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന കാർണിവലിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങുമ്പോൾ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പാറപ്പള്ളി തെക്കേതിൽ സനീഷ് (24), ഭാര്യ മിനു എന്നു വിളിക്കുന്ന രേഷ്മ (23) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നാം വിവാഹ വാർഷിക ദിനമായിരുന്നു ഇന്നലെ.
ഇന്നലെ പുലർച്ചെ 4.30 ഓടെ ദേശീയപാതയിൽ കലവൂരിൽ കെ.എസ്.ഡി.പിക്ക് സമീപമായിരുന്നു അപകടം. രണ്ടുപേരും സംഭവസ്ഥലത്തു മരിച്ചു. ഇവർ പുന്നപ്രയിലുള്ള ബന്ധുവിന്റെ വീട് വാടകയ്ക്കെടുത്ത് ഇന്നലെ പാലുകാച്ചൽ നടത്താൻ തീരുമാനിച്ചിരുന്നതാണ്. ചക്കുളത്തുകാവ് ശ്രീ ബ്രഹ്മ കലാസമിതിയിലെ അംഗങ്ങളാണ് സനീഷും രേഷ്മയും. ഡാൻസ്, നാടൻപാട്ട്, പൂക്കാവടി, ആദിവാസി നൃത്തം, രാജസ്ഥാനി ഡാൻസ് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന ഇരുവരുടെയും വേർപാട് കലാലോകത്തെയും ദുഃഖത്തിലാക്കി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഉഷ - രാജേഷ് ദമ്പതികളുടെ മകനാണ് സനീഷ്. രാഹുൽ, നിഷ എന്നിവരാണ് സഹോദരങ്ങൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് രണ്ടര പറമ്പിൽ രമേശൻ - ശോഭന ദമ്പതികളുടെ മകളാണ് രേഷ്മ. സഹോദരങ്ങൾ : അമ്പാടി, അഭിരാമി.