kim

സോൾ:പുതുവത്സര ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശംസയ്‌ക്ക് പകരം താക്കീതുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉത്തരകൊറിയക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് ഇന്നലെ ദേശീയ ടെലിവിഷനിൽ ജനങ്ങളോട് സംസാരിക്കവേ കിം ആവശ്യപ്പെട്ടു.

"ലോകത്തെ സാക്ഷിയാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനം നടപ്പാക്കിയില്ലെങ്കിൽ, ഞങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, പ്രതിജ്ഞയിൽനിന്ന് ഞങ്ങൾ പിന്മാറും. രാജ്യതാത്പര്യം സംരക്ഷിക്കാൻ പുതിയ വഴികൾ തേടും.'- കിം മുന്നിറിയിപ്പു നൽകി.

കഴിഞ്ഞ ജൂണിലാണ് സിംഗപ്പൂരിൽ കിം ജോങ് ഉന്നും ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയത്. ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ച വിജയമാണെന്നായിരുന്നു ഇരുവരുടേയും പ്രതികരണം. ചർച്ചയെ തുടർന്ന് കൊറിയൻ ഉപദ്വീപിൽ ആണവ നിരായുധീകരണം നടപ്പാക്കാനും തീരുമാനിച്ചു. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

ഏത് സമയത്തും അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്താനും അന്തർദ്ദേശീയ സമൂഹം അംഗീകരിക്കുന്ന തീരുമാനങ്ങളെടുക്കാനും താൻ സന്നദ്ധനാണെന്നും കിം പറഞ്ഞു.