air
PSU

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‌പനയിലൂടെ 2018ൽ കേന്ദ്ര സർക്കാർ സമാഹരിച്ചത് 77,417 കോടി രൂപ. ഒരു കലണ്ടർ വർഷത്തെ റെക്കാഡ് സമാഹരണമാണിത്. എച്ച്.പി.സി.എൽ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിലെ സർക്കാർ ഓഹരി പങ്കാളിത്തം കുറയ്‌ക്കൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി മ്യൂച്വൽഫണ്ട് മാതൃകയിൽ വിറ്റഴിക്കുന്ന സി.പി.എസ്.ഇ. ഇ.ടി.എഫ്., ഭാരത് - 22 ഇ.ടി.എഫ്., കോൾ ഇന്ത്യയുടെ ഓഹരി വില്‌പന, ആറ് സ്ഥാപനങ്ങളുടെ പ്രാരംഭ ഓഹരി വില്‌പന എന്നിവയിലൂടെയാണ് സർക്കാർ ഈ നേട്ടം കൊയ്‌തത്.

നടപ്പു സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 80,000 കോടി രൂപയാണ്. നിലവിലെ ട്രെൻഡ് അനുസരിച്ച് സമാഹരണം ഇതിലും കൂടിയേക്കും. 2017-18ൽ കേന്ദ്രം ലക്ഷ്യമിട്ടിരുന്നത് 72,500 കോടി രൂപയായിരുന്നെങ്കിലും സമാഹരണം ഒരുലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. 2015-16ൽ 69,500 കോടി രൂപയും 2016-17ൽ 56,500 കോടി രൂപയുമാണ് കേന്ദ്രം നേടിയത്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ സർക്കാരിന്റെ കൈവശമുണ്ടായിരുന്ന 51.11 ശതമാനം ഓഹരികളും ഒ.എൻ.ജി.സിയെക്കൊണ്ട് 36,915 കോടി രൂപയ്ക്ക് ഏറ്റെടുപ്പിച്ചതാണ് 2018ലെ ഏറ്റവും വലിയ ഇടപാട്.

ഹെലികോപ്‌ടർ സേവനദാതാക്കളായ പവൻ ഹാൻസിൽ സർക്കാരിനുള്ള 51 ശതമാനം ഓഹരികളും വിറ്രഴിക്കാനുള്ള നീക്കമായിരിക്കും ഈവർഷം സർക്കാർ ആദ്യം നടത്തുക. കമ്പനിയിലെ ബാക്കി 49 ശതമാനം ഓഹരികളും ഒ.എൻ.ജി.സിയുടെ കൈയിലാണ്.