cpm-bjp-clash
കാസർകോഡ് ചേറ്റുകുണ്ടിൽ വനിതാ മതിലിനിടെയുണ്ടായ സംഘർഷം

കാസർകോഡ്: വനിതാ മതിലിനിടെ കാസർകോഡ് ചേറ്റുകുണ്ടിൽ ആർ.എസ്.എസ് - സി.പി.എം സംഘർഷം. വനിതാ മതിലിന് മുമ്പ് ചേറ്റുകുണ്ടിലെ റെയിൽവേ ട്രാക്കിനോട് ചേർന്ന പുല്ലിന് ഒരു സംഘം തീയിടുകയായിരുന്നു. ഇതോടെ പ്രദേശത്ത് വലിയ രീതിയിൽ പുക നിറഞ്ഞു. ഇതിന് പിന്നാലെ പരിപാടിക്കെത്തിയ സ്ത്രീകൾക്ക് നേരെ വലിയ കല്ലേറുണ്ടായി. ഇതോടെ വനിതാ മതിൽ തീർക്കാൻ കഴിഞ്ഞില്ല. കല്ലേറിൽ നിരവധി സ്ത്രീകൾക്കും പൊലീസുകാർക്കും പരിക്കേറ്റു.

സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണം നടന്നു. കാമറകൾ പിടിച്ചെടുത്ത സംഘം മാദ്ധ്യമ പ്രവർത്തകരുടെ വാഹനത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. വലിയ പൊലീസ് സംഘമെത്തി ഗ്രനേഡ് പ്രയോഗിച്ചാണ് പ്രദേശത്ത് സംഘടിച്ചിരുന്ന പ്രവർത്തകരെ പിരിച്ചു വിട്ടു. എന്നാൽ ഇപ്പോഴും ഇരവിഭാഗത്തും ആയിരക്കണക്കിന് പ്രവർത്തകർ സംഘടിച്ചിട്ടുണ്ട്. എത്രയും വേഗം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കാസർകോഡ് ജില്ലാ പൊലീസ് മേധാവിയോട് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ പൊലീസ് സംഘം ഉടൻ ഇവിടേക്കെത്തുമെന്നാണ് അറിയുന്നത്. എന്നാൽ പ്രദേശത്ത് വൻ ട്രാഫിക്ക് കുരുക്ക് ഉള്ളതിനാൽ പൊലീസ് വാഹനങ്ങൾക്ക് ഇവിടേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

നേരത്തെ ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിക്കിടെ സ്ത്രീകൾക്ക് നേരെ അടക്കം കല്ലേറ് നടന്നത് ചേറ്റുകുണ്ടിൽ നിന്നും പോയ ആളുകൾക്ക് നേരെയായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ സംഘർഷം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ സംഘർഷാവസ്ഥയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.