മുംബയ്: ഹിന്ദി സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ നിരവധി
സൂപ്പർഹിറ്റുകൾ രചിച്ച വിഖ്യാത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദർഖാൻ (81) കാനഡയിൽ അന്തരിച്ചു. ഒരുവർഷമായി മൂത്തമകനൊപ്പം കാനഡയിലെ ടൊറന്റോയിൽ ആയിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ടൊറന്റോയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കൊമേഡിയനും വില്ലനും സ്വഭാവ നടനുമൊക്കെയായി മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച കാദർഖാൻ ബോളിവുഡിലെ വിലയേറിയ തിരക്കഥാകൃത്തായിരുന്നു. 80കളിലും 90കളിലുമായി 250ലേറെ സിനിമകളുടെ കഥയോ സംഭാഷണമോ തിരക്കഥയോ അദ്ദേഹം രചിച്ചിരുന്നു. 1972ൽ ജയഭാദുരിയും രൺധീർ കപൂറും പ്രണയജോടികളായ ജവാനി ദിവാനി എന്ന സിനിമയ്‌ക്കാണ് ആദ്യം തിരക്കഥ രചിച്ചത്.
കോമഡി വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. രാജേഷ് ഖന്ന നായകനായ ദാഗ് ആയിരുന്നു ആദ്യ ചിത്രം.
അമിതാഭ് ബച്ചന്റെ തകർപ്പൻ ഡയലോഗുകളുള്ള ശരാബി, ലാവാറിസ്, കൂലി, മുഖദ്ദർ കാ സിക്കന്ദർ, നസീബ്, മിസ്റ്റർ നട്‌വർലാൽ, അമർ അക്ബർ ആന്റണി, പർവാരിഷ്, അഗ്നിപഥ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെയെല്ലാം തിരക്കഥകൾ കാദർഖാന്റെ തൂലികയിൽ നിന്നാണ് പിറന്നത്. അഗ്നിപഥ് 1991ലെ മികച്ച നടനുള്ള ദേശീയ അവാർഡും ബച്ചന് നേടിക്കൊടുത്തു. ബച്ചന്റെ പല സിനിമകളിലും അഭിനയിക്കുകയും ചെയ്‌തു.
കൂലി നമ്പർ വൺ, രാജാബാബു തുടങ്ങിയ സിനിമകളിലൂടെ ഗോവിന്ദ എന്ന നടനെ രക്ഷപ്പെടുത്തിയതും കാദർഖാനാണ്. ഗോവിയുടെ ആന്റി നമ്പർ വൺ ആണ് അവസാനമായി തിരക്കഥ ഒരുക്കിയ ചിത്രം. ഒരു ചിത്രം നിർമ്മിച്ചിട്ടുമുണ്ട്.
മികച്ച ഹാസ്യ താരത്തിനും രണ്ട് തവണ മികച്ച ഡയലോഗിനും ഫിലിം ഫെയർ അവാർഡ് നേടിയിട്ടുണ്ട്.
അസ്ര ഖാനാണ് ഭാര്യ. നടനും നിർമ്മാതാവുമായ സർഫറാസ് ഖാൻ ഉൾപ്പെടെ രണ്ട് മക്കളുണ്ട്. കാദർഖാന്റെ വിയോഗത്തിൽ ചലച്ചിത്രമേഖലയിലെ പ്രമുഖർ അനുശോചിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന കാദർഖാൻ അന്തരിച്ചെന്ന് കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് മകൻ രംഗത്തുവന്നതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ജീവിത രേഖ
1937 ഒക്ടോബർ 22ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ജനനം. അഫ്ഗാനിസ്ഥാനിൽ നിന്ന് തൊഴിൽ തേടി മുംബയിലെത്തിയ കുടുംബത്തിലെ അംഗം.
ചേരിയിൽ ജീവിതം.
മാതാപിതാക്കൾ വേറെ വിവാഹം കഴിച്ച് രണ്ടു വഴിക്കായപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ വിദ്യാഭ്യാസം പൂർത്തിയാക്കി.
ജോലി ചെയ്‌ത് എൻജിനിയറിംഗ് ബിരുദം നേടി.
മുംബയ് സാബു സിദ്ദിഖ് കോളേജിൽ എൻജിനിയറിംഗ് അദ്ധ്യാപകനായിരിക്കുമ്പോൾ അവതരിപ്പിച്ച നാടകമാണ് ജീവിതം വഴിതിരിച്ചുവിട്ടത്.
നാടകം കണ്ട ദിലീപ് കുമാർ ആണ് സിനിമയിലേക്ക് ക്ഷണിച്ചത്.