ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന വിവിധ ഹിന്ദു സംഘടനകളുടെ ആവശ്യം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കുന്നത് സുപ്രീം കോടതിയിലെ കേസ് തീർന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. അയോധ്യ കേസുമായി ബന്ധപ്പെട്ട കേസിൽ ഉടൻ സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ തുറന്ന് പറച്ചിൽ. വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോദിയുടെ പ്രസ്‌താവന.
അയോധ്യ വിഷയത്തിലെ നിയമപോരാട്ടം തീരട്ടെ. അതിന് ശേഷം സർക്കാർ എന്ന നിലയിൽ എന്താണ് ചെയ്യാൻ കഴിയുകയെന്ന് ആലോചിക്കും. ഭരണഘടനയെ അടിസ്ഥാനമാക്കി മാത്രമേ അയോധ്യ വിഷയത്തിൽ തീരുമാനമെടുക്കൂ എന്ന് ബി.ജെ.പിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. അതേസമയം, കോൺഗ്രസ് അഭിഭാഷകരാണ് അയോധ്യകേസ് കോടതിയിൽ വൈകിപ്പിക്കുന്നതെന്നും മോദി ആരോപിച്ചു. കോടതി നടപടികൾ വൈകിപ്പിക്കുന്നത് കോൺഗ്രസ് അഭിഭാഷകർ അവസാനിപ്പിക്കണം. നിയമത്തിന് അതിന്റെ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കണം. രാജ്യത്തിന്റെ സമാധാനത്തെ കരുതി കേസ് നടപടികൾ വൈകിപ്പിക്കുന്നതിൽ നിന്നും കോൺഗ്രസ് അഭിഭാഷകർ പിന്മാറണമെന്നും മോദി ആവശ്യപ്പെട്ടു.
അതേസമയം, റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് നിന്നും ഉർജിത് പട്ടേൽ രാജിവച്ചതിനെക്കുറിച്ചും മോദി മനസ് തുറന്നു. അദ്ദേഹത്തിന്റെ രാജിക്ക് പിന്നിൽ ആരുടെയും സമ്മർദ്ദമില്ല. ഉർജിത് പട്ടേൽ സ്വയം രാജിവച്ചതാണ്. ഏഴ് മാസം മുമ്പ് തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നതായും മോദി വ്യക്തമാക്കി.