sydney

സിഡ്നി: ഇന്ത്യ - ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിന് നാളെ സിഡ്നിയിൽ തുടക്കമാകും. ഇന്ത്യൻ സമയം വെളുപ്പിന് 5 മണിമുതലാണ് മത്സരം. നാല് മത്സരങ്ങൾ ഉൾപ്പെട്ട ബോർഡർ - ഗാവസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. സിഡ്നിയിൽ ജയിക്കാനായാൽ ആസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സംഘമെന്ന നേട്ടം കൊഹ്‌ലിക്കും കൂട്ടർക്കും സ്വന്തമാക്കാം.

മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിൽ 137 റൺസിന്റെ തകർപ്പൻ ജയം നേടാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ആതിഥേയരെ നേരിടാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷത്തെ മികവ് പുതുവർഷത്തിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കൊഹ്‌ലിപ്പട. അതേസമയം മറുവശത്ത് കടുത്ത സമ്മർദ്ദത്തിലാണ് ആസ്ട്രേലിയ. നാലാം ടെസ്റ്റി​ൽ ​ ​ആ​സ്ട്രേ​ലി​യ​ ​വി​ജ​യി​ച്ചാ​ലും​ ​പ​ര​മ്പ​ര​ ​സ​മ​നി​ല​യി​ലാ​കും.​ ​അ​ങ്ങ​നെ​ ​വ​ന്നാ​ലും​ ​നി​ല​വി​ലെ​ ​ജേ​താ​ക്ക​ൾ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ബോർഡർ - ഗാവസ്കർ ട്രോ​ഫി​ ​ഇ​ന്ത്യ​യ്ക്ക് ​കൊ​ണ്ടു​വ​രാം.

കരുത്തോടെ കൊഹ്‌ലിക്കൂട്ടം

ഇന്ത്യൻ ടീമിന്റെ ചരിത്രത്തിലെ ഏറ്രവും മികച്ച പേസ് സംഘവുമായി ആസ്ട്രേലിയയ്ക്ക് വിമാനം കയറിയ കൊഹ്‌ലിക്കൂട്ടം ഡൗൺ അണ്ടറിൽ വിസ്മയ പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ബുംറയുടെ നേതൃത്വത്തിൽ പേസ് ഡിപ്പാർട്ട്മെന്റ് ഉണർന്നതോടെ സ്വന്തം മണ്ണിൽ കംഗാരുപ്പട ഇന്ത്യയ്ക്ക് മുന്നിൽ വല്ലാണ്ട് പതറി. ആസ്ട്രേലിയയിൽ ഒരു ടെസ്റ്ര് പരമ്പരയിൽ ഇന്ത്യ ഇത്രയധികം മുൻതൂക്കം നേടുന്നത് ഇതാദ്യമായാണ്. ബാറ്ര് കൊണ്ടും തന്ത്രങ്ങൾ കൊണ്ടും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന വിരാട് കൊഹ്‌ലിയെന്ന നായകനാണ് ഇന്ത്യ വിജയത്തിന്റെ പ്രധാന ശില്പി. ഒരു കലണ്ടർ വർഷത്തിൽ വിദേശത്ത് ഏറ്രവും കൂടുതൽ വിജയം നേടുന്ന ഇന്ത്യൻ നായകനെന്ന റെക്കാഡ് കൊഹ്‌ലി സ്വന്താക്കി കഴിഞ്ഞു. വിദേശത്തും നാട്ടിലും ഒരു പോലെ മികവ് തുടരുന്ന കൊഹ്‌ലിയ്ക്ക് കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ ബാറ്റിംഗിൽ ഒന്നാം സ്ഥാനം നിലനിറുത്താനുമായി. ബാറ്റിംഗിലും ബൗളിംഗിലും മികച്ച ഫോമിലുള്ള ഇന്ത്യൻ സംഘത്തിന് വലിയ വെല്ലുവിളി ഉയർത്താൻ പരമ്പരയിൽ ഇതുവരെ ഓസീസ് സംഘത്തിന് ആയിട്ടില്ല.

പെയ്ൻ മാറ്രാൻ ഓസീസ്

സ്‌മിത്തിനെയും വാർണറെയും പോലുള്ള പ്രമുഖരുടെ അഭാവത്തിൽ ഇന്ത്യയെ നേരിടുന്ന പെയ്നും സംഘവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബാറ്രിംഗിലും ബൗളിംഗിലും കുമ്മിൻസിനെ പോലെ ചില ഒറ്രപ്പെട്ട പ്രകടനങ്ങൾ ഒഴിച്ചു നിറുത്തയാൽ തീർത്തും നിരാശപ്പെടുത്തുകയാണ് ഓസീസ്. സ്ലെഡ്‌ജിംഗിലൂടെ ഇന്ത്യൻ ടീമിനെ മാനസികമായി തകർക്കാനുള്ള ശ്രമവും വിലപ്പോകുന്നില്ല. ബാറ്രിംഗിൽ ഫോമിലേക്കുയരാനാകാത്ത നായകൻ പെയ്ൻ ഇന്ത്യൻ താരങ്ങളെ കളിയാക്കാൻ ശ്രമിച്ചത് തിരിച്ചടിച്ചു. ചുണ്ടയ്ക്ക കൊടുത്ത് വഴുതനങ്ങ വാങ്ങിയെന്ന് പറഞ്ഞപോലെ ഇന്ത്യൻ യുവതാരങ്ങളുടെ കൈയിൽ നിന്നുപോലും കണക്കിന് കിട്ടി. സിഡ്നിയിൽ വിജയം നേടി മുഖം രക്ഷിക്കാൻ പെയ്നും സംഘവും പരമാവധി ശ്രമിക്കുമെന്നതിനാൽ മത്സരം തീപാറുമെന്നുറപ്പാണ്.

സ്‌പിന്നിന്റെ സിഡ്നി

സാധാരണയായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേത്. അതിനാൽ തന്നെ ഇരുടീമും എക്ട്രാ സ്പിന്നിറെ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ ഗ്രൗണ്ടിൽ ഇരു ടീമും ഏറ്രുമുട്ടിയ 11 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ ആസ്ട്രേലിയ ജയിച്ചു.അഞ്ചെണ്ണം സമനിലയായപ്പോൾ ഒരെണ്ണത്തിൽ ഇന്ത്യ ജയിച്ചു. 1978ലായിരുന്നു ഇന്ത്യയുടെ ജയം. 2015ലാണ് ഇരുടീമും ഇവിടെ അവസാനം ഏറ്രുമുട്ടിയത്. ആ മത്സരം സമനിലയായി.

കുഞ്ഞിനെക്കാണാൻ രോഹിത് മടങ്ങി

കഴിഞ്ഞ ദിവസം പിറന്ന തന്റെ ആദ്യത്തെ കണ്മണിയെക്കാണാൻ ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ രോഹിത് ശർമ്മയുടെ സേവനം നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ലഭിക്കില്ല. കഴിഞ്ഞ ദിവസമാണ് രോഹിതിനും -ഭാര്യ റിഥ്വികയ്ക്കും പെൺകുഞ്ഞ് പിറന്നത്. തുടർന്ന് കുട്ടിയെ കാണുന്നതിനായി മൂന്നാം ടെസ്റ്റിന് ശേഷം രോഹിത് മുംബയ്ക്ക് തിരിക്കുകയായിരുന്നു. പരിക്കിൽ നിന്ന് മുക്തനായി മൂന്നാം ടെസ്റ്റ് മുതൽ ടീമിനൊപ്പം ചേർന്ന ഹാർദ്ദിക് പാണ്ഡ്യ രോഹിതിന് പകരം കളിക്കാനാണ് സാധ്യത. അതേസമയം സിഡ്നിയിലെ സാഹചര്യം മുന്നിൽക്കണ്ട് എക്സ്ട്രാ സ്പിന്നറെ കളിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പരമ്പര ഇതുവരെ

അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 31 റൺസിന് ജയിച്ചപ്പോൾ പെർത്ത് വേദിയായ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയ തിരിച്ചടിച്ചു. 146 റൺസിനായിരുന്നു പെർത്തിൽ ആസ്ട്രേലിയയുടെ ജയം.എന്നാൽ മെൽബണിൽ 37 വർഷത്തിന് ശേഷം വിജയക്കൊടി നാട്ടി ഇന്ത്യ വീണ്ടും പരമ്പരയിൽ മുന്നിലെത്തി. ആസ്ട്രേലിയയെ ഫോളോ ഓൺ ചെയ്യിക്കാമായിരുന്നെങ്കിലും അതിന് മുതിരാതിരുന്ന ഇന്ത്യ 137 റൺസിനാണ് ജയം നേടിയത്.