കണക്‌ടിക്കട്ട്: ഇന്റർനെറ്റിന്റെ ആദ്യരൂപമായ അർപാനെറ്റിന്റെ മുഖ്യ സ്രഷ്ടാക്കളിൽ ഒരാളായ അമേരിക്കൻ ശാസ്ത്രജ്ഞൻ ലോറൻസ് ജി. റോബർട്ട് (ലാറി റോബർട്സ്, 81) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ഡിസംബർ 26നായിരുന്നു അന്ത്യം. ഇന്നലെയാണ് കുടുംബാംഗങ്ങൾ മരണം സ്ഥിരീകരിച്ചത്.
1960ൽ അമേരിക്കയുടെ അഡ്വാൻസ്ഡ് റിസർച്ച് പ്രൊജക്ട് ഏജൻസിയുടെ (അർപ) പ്രോഗ്രാം മാനേജരായിരുന്നു ലാരി റോബേർട്സിന്റെ പങ്കാളിത്തത്തോടെയാണ് അർപ്പാനെറ്റ് എന്ന പേരിൽ ആദ്യത്തെ കംപ്യൂട്ടർ ശൃംഖല രൂപീകരിച്ചത്. ലാറി റോബർട്സ്, ബോബ് കാഹ്ന്, വിന്റ് സെർഫ്, ലെൻ ക്ലെൻ റോക്ക് എന്നിവരാണ് ഇന്റർനെറ്റിന്റെ സ്ഥാപകരായി അറിയപ്പെടുന്നത്.
ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ഡൊണാൾഡ് ഡേവിസ് കണ്ടുപിടിച്ച പാക്കറ്റ് സ്വിച്ചിംഗ് സിസ്റ്റം ഉപയോഗിച്ചാണ് റോബർട്ടും സംഘവും അർപ്പാനെറ്റിന് രൂപം നൽകിയത്. ഇന്ന് നിലവിലുള്ള ഇന്റർനെറ്റിന്റെ ആദ്യ രൂപമായിരുന്നു അത്. നാല് കംപ്യൂട്ടറുകളെയാണ് അർപ്പാനെറ്റിൽ ആദ്യം ബന്ധിപ്പിച്ചത്. പിന്നീട് അത് വളർന്നു. 1983നു ശേഷം അർപാനെറ്റ്, ഇന്റർനെറ്റിന്റെ ഭാഗമായി. 2001ൽ ഡ്രാപ്പർ പ്രൈസ് പുരസ്‌കാരവും 2002ൽ പ്രിൻസസ് ഓഫ് അസ്തൂരിയാസ് അവാർഡും ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.നാല് തവണ വിവാഹിതനായെങ്കിലും അവസാനകാലത്ത് ഒറ്റയ്ക്കായിരുന്നു.