ലക്‌നൗ : ഉത്തർപ്രദേശ് ബുലന്ദ്ഷഹറിലെ ആൾക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ്കുമാർ സിംഗിന്റെ കൈവിരലുകൾ മഴുകൊണ്ട് വെട്ടി മുറിച്ചെടുത്തയാൾ അറസ്റ്റിൽ. കേസിലെ പ്രധാന പ്രതികളിലൊരാളായ കാലുവയാണ് പിടിയിലായത്. വിരലുകൾ മുറിച്ചെടുത്തത് കൂടാതെ ഇയാൾ മഴുകൊണ്ട് സുബോധ്കുമാറിന്റെ കൈയിലും തലയിലും വെട്ടിപ്പരിക്കേല്പിച്ചു. ഇതിന് ശേഷമാണ് പ്രശാന്ത് നട്ട് സുബോധ്കുമാറിന് നേരെ വെടിയുതിർത്തതെന്നും പൊലീസ് പറഞ്ഞു. പ്രശാന്ത് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ഇനി സുബോധ് കുമാറിൽ നിന്ന് സർവീസ് റിവോൾവർ തട്ടിയെടുത്ത ജോണിയെ പിടികൂടണം. ആക്രമണത്തിനിടെ മൊബൈലിൽ പകർത്തിയ വീഡിയോയിൽ നിന്നാണ് ഇവരുടെ പങ്ക് വ്യക്തമായത്.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ബജ്‌റംഗ്‌ദൾ നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്. കേസിൽ നേരത്തേ അറസ്റ്റിലായ സൈനികൻ ജിതേന്ദ്ര മാലിക് ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
ഡിസംബർ മൂന്നിന് പാടത്ത് ഉപേക്ഷിക്കപ്പെട്ട എസ്.യു.വിയിലാണു സുബോധ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
പശുക്കളുടെ ജഡം കണ്ടെന്നാരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായാണ് സുബോധ് കുമാറുൾപ്പെടുന്ന പൊലീസ് സംഘം ബുലന്ദ്ഷഹറിലെത്തിയത്. 400ഓളം പേരാണ് സുബോധ്കുമാറിനെ ആക്രമിച്ചത്. കല്ലുകൾ കൊണ്ടും വടികൾ കൊണ്ടും മർദ്ദിച്ചു. പരിക്കേറ്റ അദ്ദേഹവുമായി പോയ വാഹനം തടഞ്ഞുനിറുത്തിയാണ് കൊന്നത്. പ്രദേശത്തെ ഒരു ഇരുപതുകാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
.