womenwall

ആലപ്പുഴ: തോളോട് തോൾ ഉരുമ്മി നിന്ന് വനിതകൾ തീർത്ത മതിൽ ആലപ്പുഴയിൽ ഉരുക്കുകോട്ടയായി. ഓച്ചിറ മുതൽ അരൂർ വരെ 107 കിലോ മീറ്റർ നീണ്ട മതിലിൽ അമ്മമാരും യുവതികളുമടക്കം ആവേശത്തോടെ അണിനിരന്നപ്പോൾ അത് വനിതാ അവകാശത്തിന്റെ സംരക്ഷണകോട്ടയായി മാറി. ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽ മതിലിൽ പങ്കാളിയായ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം

പ്രീതി നടേശൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ദേശീയ പാത ഏറ്റവും കൂടുതൽ കടന്നുപോകുന്നത് ആലപ്പുഴ ജില്ലയിലൂടെയാണ്. കോട്ടയം, പത്തനംതിട്ട ജില്ലയിലെ വനിതകളും ഇവിടെയാണ് മതിലിൽ കണ്ണിയായത്. വിപ്ളവ ഗായിക പി.കെ.മേദിനി, എഴുത്തുകാരി ശാരദക്കുട്ടി, സി.എസ്. സുജാത തു‌ടങ്ങിയവർ മതിലിൽ അണിനിരന്നപ്പോൾ റോഡിന്റെ മറുവശത്ത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ, കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, സി.പി.എെ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മുൻ എം.എൽ.എ ഡോ. കെ.സി. ജോസഫ് തുടങ്ങിയവർ നിലയുറപ്പിച്ചു. പലഭാഗങ്ങളിലും മതിൽ രണ്ടും മൂന്നും വരികളായി നീണ്ടു.