priyanka

ഹൈദരാബാദ്: പാതിരാത്രി പൊലീസുകാരനായ ഭർത്താവിന്റെ ഫോണെത്തിയ ഉടൻ പ്രസവാവധിയിലായിരുന്ന വനിതാപൊലീസ് കാറുപിടിച്ച് സ്റ്റേഷനിലെത്തി.

ഓടിച്ചെന്ന് രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഏറ്റുവാങ്ങി, പൊലീസ്‌സ്റ്റേഷന്റെ ഒഴിഞ്ഞ കോണിലിരുന്ന് മുലയൂട്ടി.വിശപ്പ് മാറി കുഞ്ഞ് പുഞ്ചിരിച്ചപ്പോൾ സഹപ്രവർത്തകർ അവരോട് പറഞ്ഞു.

'ഹാപ്പി ന്യൂ ഇയർ'. തീർന്നില്ല. നാടൊട്ടുക്ക് തേടി നടന്ന് യഥാർത്ഥ അമ്മയെ കണ്ടെത്തി കുഞ്ഞിനെ തിരിച്ചേൽപ്പിക്കാനും കാക്കിക്കുള്ളിലെ കാരുണ്യം മനസ്‌ കാട്ടി. ഇതോടെ പൊലീസ് ദമ്പതിമാരായ എം. രവീന്ദ്രനും ഭാര്യ പ്രിയങ്കയും പുതുവർഷപ്പുലരിയിൽ താരങ്ങളായി.

ഹൈദരാബാദിലെ അഫ്‌സൽഗുഞ്ച് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ഒസ്മാനിയ ജനറൽ ആശുപത്രിയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി എത്തിയ യുവതി, മദ്യലഹരിയിൽ കുഞ്ഞിനെ മറ്റൊരാളെ നോക്കാൻ ഏൽപ്പിച്ച് പുറത്തേക്ക് പോയി. മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് യുവാവ് കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ വിശപ്പ് സഹിക്കാനാവാതെ കുഞ്ഞ് കരച്ചിൽ തുടങ്ങി. തുടർന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി കുഞ്ഞിനെ അഫ്‌സൽഗുഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് വിവരം പറഞ്ഞു. കുഞ്ഞ് നിറുത്താതെ കരയുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ എം. രവീന്ദ്രൻ വനിതാപൊലീസായ ഭാര്യയെ വിവരമറിയിച്ചു.

പ്രസവാവധിയിലായിരുന്ന പ്രിയങ്ക ഉടൻ പൊലീസ് സ്‌റ്റേഷനിലെത്തി കുഞ്ഞിനെ മുലയൂട്ടി. പിന്നീട് കുഞ്ഞിനെ സർക്കാർ ആശുപത്രിക്ക് കൈമാറി.
ഇതിനിടെ പൊലീസ് കുഞ്ഞിന്റെ അമ്മയെ അന്വേഷിച്ച് തുടങ്ങിയിരുന്നു. ചഞ്ചൽഗുഡയിൽ ഒരു സ്ത്രീ കുഞ്ഞിനെ അന്വേഷിച്ച് വിഷമിച്ച് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു. അമ്മയാണെന്ന് ഉറപ്പാക്കിയശേഷം കുഞ്ഞിനെ കൈമാറി. പൊലീസ് ഉന്നതർ കോൺസ്റ്റബിൾ ദമ്പതിമാരെ അഭിനന്ദിച്ചു.