sabarimala

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് നരേന്ദ്രമോദി രംഗത്ത്. ശബരിമലയിലേത് ക്ഷേത്രാചാരമാണ്,​ അതുകൊണ്ട് തന്നെ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന വിധി ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിധി വന്നതിന് ശേഷം ആദ്യമായാണ് ഈ വിഷയത്തിൽ നരേന്ദ്രമോദി പ്രതികരിക്കുന്നത്.

ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയിൽ ചർച്ച വേണം,​ ഇവിടെയാണ് സംവാദങ്ങൾ ഉയരേണ്ടത്. മുത്തലാഖും ശബരിമലയും വ്യത്യസ്ത വിഷയങ്ങളാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുത്തലാഖ് എന്നത് വിശ്വാസത്തിന്റെ ഭാഗമല്ല, മറിച്ച് ലിംഗസമത്വത്തിന്റെയും സാമൂഹ്യ നീതിയുടെയും പ്രശ്നമാണ്. മുസ്ലിം രാജ്യങ്ങളിൽ പോലും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. കോടതി വിധിക്ക് ശേഷം മുത്തലാഖ് വിഷയത്തിൽ ഒാർഡിനൻസ് കൊണ്ടുവരില്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ കേരളത്തിലെ ബി.ജെ.പിയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ദേശീയ നേതാക്കൾ പ്രതികരിച്ചത്. സുബ്രഹ്മണ്യ സ്വാമിയടക്കമുള്ള നേതാക്കൾ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല ആചാരത്തെ അനുകൂലിച്ച് കൊണ്ടുള്ള നരേന്ദ്രമോദിയുടെ പരാമർശം.