rupee

കൊച്ചി: പുതുവർഷത്തിലെ ആദ്യ പ്രവൃത്തിദിനം നേട്ടത്തോടെ ആഘോഷമാക്കി രൂപയും ഇന്ത്യൻ ഓഹരി വിപണിയും. സെൻസെക്‌സ് 186 പോയിന്റ് മുന്നേറി 36,254ലും നിഫ്‌റ്റി 47 പോയിന്റ് മെച്ചപ്പെടുത്തി 10,910ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. എസ്.ബി.ഐ., ഭാരതി എയർടെൽ, ഭാരതി ഇൻഫ്രാടെൽ, ബി.പി.സി.എൽ, യെസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇന്നലെ നേട്ടത്തിന് നേതൃത്വം നൽകിയ പ്രമുഖ ഓഹരികൾ.

നിഫ്‌റ്രിയിലെ എല്ലാ ഓഹരി വിഭാഗങ്ങളും ഇന്നലെ ഉയർന്ന നേട്ടമുണ്ടാക്കി. കിട്ടാക്കട പ്രതിസന്ധി അയയുന്നുവെന്ന റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ അഭിപ്രായത്തിന്റെ കരുത്തിൽ ബാങ്കിംഗ് ഓഹരികളും ഇന്നലെ മുന്നേറി. രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 2018 മാർച്ചിലെ 11.5 ശതമാനത്തിൽ നിന്ന് സെപ്‌തംബറിൽ 10.8 ശതമാനമായി കുറഞ്ഞുവെന്നാണ് ശക്തികാന്ത ദാസ് സൂചിപ്പിച്ചത്. ഓഹരി വിപണികളുടെ മികച്ച പ്രകടനവും ആഗോളതലത്തിൽ പ്രമുഖ കറൻസികൾക്കിതിരെ ഡോളർ ദുർബലമായതും ഇന്നലെ രൂപയ്‌ക്ക് രക്ഷയായി. ഡോളറിനെതിരെ ഒമ്പത് പൈസ മുന്നേറിയ രൂപ വ്യാപാരാന്ത്യം 69.68ലാണുള്ളത്. 2018 ആഗസ്‌റ്രിന് ശേഷം രൂപ വ്യാപാരം അവസാനിപ്പിക്കുന്ന ഏറ്റവും മികച്ച മൂല്യമാണിത്.

അതേസമയം, വരുംദിവസങ്ങളിൽ ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തിന് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മാരുതി സുസുക്കി ഉൾപ്പെടെ പ്രമുഖ വാഹന കമ്പനികൾ ഇന്നലെ ഡിസംബറിലെ വില്‌പനക്കണക്കുകൾ പുറത്തുവിട്ടിരുന്നു. സമ്മിശ്ര കണക്കുകളാണ് മിക്ക കമ്പനികളും അവതരിപ്പിച്ചിരിക്കുന്നത്. ഇത്, വരുംദിനങ്ങളിൽ ഓട്ടോ ഓഹരികളിൽ ചാഞ്ചാട്ടത്തിന് കളമൊരുക്കിയേക്കും.