boeing

ടൈറ്റാനിയം ബോയിംഗ് കമ്പനിക്കു വേണ്ടി

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് ടൈറ്റാനിയം ഖനനം ചെയ്യാനുള്ള കരാറിനായി പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗിൽ നിന്ന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ 18.5 ദശലക്ഷം ഡോളർ ( 129.5 കോടി രൂപ )കൈക്കൂലി വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്‌തു. അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്ക് പിന്നാലെ ഇതും രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്നാണ് സൂചന. വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും സി.ബി.ഐക്കു കൈമാറുമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ അനുയായിയും ഉക്രേനിയൻ ഇടനിലക്കാരനുമായ ദിമിത്രി വി ഫിർത്താഷ് വിയന്നയിൽ അറസ്റ്റിലായതോടെയാണ് വിവരം പുറത്തായത്. 2006ൽ ബോയിംഗിന്റെ പുതിയ വിമാനമായ 787 ഡ്രീംലൈനർ നിർമാണത്തിനാവശ്യമായ ടൈറ്റാനിയം ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 18.5 ദശലക്ഷം ഡോളർ കൈക്കൂലി കൊടുത്തുവെന്നാണ് അമേരിക്ക ദിമിത്രിക്കെതിരെ ചുമത്തിയ കുറ്റം. ദിമിത്രിയെ വിചാരണയ്ക്കായി അമേരിക്കയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ.

കേരളത്തിലെ തീരദേശത്തും ആന്ധ്രപ്രദേശിലും ഉൾപ്പെടെ ഇന്ത്യയിൽ പലയിടത്തും ടൈറ്റാനിയത്തിന്റെ അയിര് ധാരാളമുണ്ട്.

ബോയിംഗ് കമ്പനി സഹായം തേടി കൺസൾട്ടിംഗ് കമ്പനിയായ മക്കിൻസിയെ സമീപിച്ചു. ദിമിത്രിയെ ഇടനിലക്കാരനാക്കി ഇന്ത്യയിൽ നിന്ന് ടൈറ്റാനിയം ഖനനം ചെയ്യാൻ പ്രതിവർഷം 500 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണ് ബോയിംഗ് മുന്നോട്ടുവച്ചത്.
കൈക്കൂലി നൽകിയാൽ സഹായിക്കുന്ന ഇന്ത്യയിലെ എട്ട് ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക മക്കിൻസി ബോയിംഗിനു കൈമാറി. എന്നാൽ കൈക്കൂലി നൽകുകയോ നൽകാൻ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നു ഫിർത്താഷ് അറിയിച്ചു.