women-wall

തിരുവനന്തപുരം: വനിതാമതിലിന് മൂന്ന് ലോക റെക്കാഡുകൾ ലഭിച്ചേക്കും. കൊൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റെക്കാഡ് ഫോറം, കാലിഫോർണിയയിലെ അമേരിക്കൻ ബുക്ക് ഒഫ് റെക്കാഡ്, ബാഴ്സിലോണയിലെ ഒഫീഷ്യൽ വേൾഡ് റെക്കാഡ് എന്നിവ ലഭിക്കാനാണ് സാദ്ധ്യതയുള്ളത്. പ്രാഥമിക പരിശോധനയിൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വനിതാ മതിലാണിതെന്ന് ബോദ്ധ്യമായതായി യൂണിവേഴ്സൽ റെക്കാഡ് ഫോറത്തിന്റെ അന്താരാഷ്ട്ര ജൂറി സുനിൽ ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50 ലക്ഷം പേർ പങ്കെടുത്തതായാണ് പ്രാഥമിക കണക്ക്. ഒരാഴ്ചയ്ക്കു ശേഷം കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കും. ഇത്രയധികം സ്ത്രീകൾ പങ്കെടുത്ത മതിലോ ചങ്ങലയോ മുൻപ് ഉണ്ടായിട്ടില്ല. പങ്കെടുത്ത സ്ത്രീകളുടെ എണ്ണത്തിനും മറ്റൊരു റെക്കാഡ് ലഭിക്കാനിടയുണ്ടെന്ന് സുനിൽ ജോസഫ് പറഞ്ഞു.

620കിലോമീറ്ററിൽ തീർത്ത മതിൽ പൂർണമായും വീഡിയോയിലാക്കിയിട്ടുണ്ട്. 10 ജില്ലകളിൽ 62 കിലോമീറ്റർ വീതം കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്. ജില്ലകളിലെ വീഡിയോകൾ പരിശോധിച്ച ശേഷം 15ദിവസത്തിനകം ലോകറെക്കാഡ് സർട്ടിഫിക്കറ്റ് കൈമാറും. ലിംക ബുക്ക് ഒഫ് റെക്കാഡിനായി വീഡിയോയും രേഖകളും അയച്ചുകൊടുക്കുമെന്ന് സുനിൽ ജോസഫ് പറഞ്ഞു. സംഘാടക സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ, ടി.എൻ സീമ, പി.എസ്. ശ്രീകല, പുഷ്‌പലത എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.