gst

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജി.എസ്.ടി സമാഹരണം ഡിസംബറിൽ 94,726 കോടി രൂപയായി കുറഞ്ഞു. നവംബറിൽ 97,637 കോടി രൂപ ലഭിച്ചിരുന്നു. കേന്ദ്ര ജി.എസ്.ടിയായി 16,442 കോടി രൂപയും സംസ്ഥാന ജി.എസ്.ടിയായി 22,459 കോടി രൂപയുമാണ് കഴിഞ്ഞമാസം ശേഖരിച്ചത്. സംയോജിത ജി.എസ്.ടി (ഐ.ജി.എസ്.ടി) ഇനത്തിൽ 47,936 കോടി രൂപയും സെസ് ഇനത്തിൽ 7,888 കോടി രൂപയും ഡിസംബറിൽ സമാഹരിച്ചു.

നടപ്പുസാമ്പത്തിക വർഷം ആകെ 13.48 ലക്ഷം കോടി രൂപ ജി.എസ്.ടിയായി സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ബഡ്‌ജറ്രിൽ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്, പ്രതിമാസം ഒരുലക്ഷം കോടി രൂപയ്ക്കുമേൽ ലഭിക്കണം. എന്നാൽ, ഈവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒമ്പതുമാസ കാലയളവിലെ സമാഹരണം 8.71 ലക്ഷം കോടി രൂപ മാത്രമാണ്. ഏപ്രിലിലും (1.03 ലക്ഷം കോടി രൂപ) ഒക്‌ടോബറിലും (ഒരുലക്ഷം കോടി രൂപ) മാത്രമാണ് വരുമാനം ഒരുലക്ഷം കോടി രൂപ കവിഞ്ഞത്. ജി.എസ്.ടി കൗൺസിലിന്റെ കഴിഞ്ഞയോഗം 23 ഉത്‌പന്നങ്ങളുടെ നികുതി കുറഞ്ഞ സ്ളാബിലേക്ക് മാറ്രിയിരുന്നു. ഇതുവഴി ജി.എസ്.ടി ശേഖരണത്തിൽ 5,500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്ന സ്ളാബായ 28 ശതമാനത്തിൽ 28 ഉത്‌പന്നങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.