ആലപ്പുഴ: മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാൽ തന്റെ രക്തം തിളയ്ക്കുമെന്ന് പ്രീതി നടേശൻ പറഞ്ഞു. 'ഞാൻ ബി.ഡി.ജെ.എസാണ്. പണ്ട് ആർ.ശങ്കറെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. അതുപോലെ ഈ മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കാമെന്ന് കരുതേണ്ട'- വനിതാ മതിലിനുശേഷം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എസ്.എൻ.ഡി.പി യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളവരുണ്ട്. ഗുരുവിൽ അധിഷ്ഠിതമായ കാര്യം ആരും പറഞ്ഞാലും യോഗം സ്വീകരിക്കും. അത് നക്സൽ പറഞ്ഞാലും കേൾക്കും. ഗുരുസന്ദേശം പ്രചരിപ്പിക്കാൻ കഴിഞ്ഞാൽ ലോകത്തുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. വെള്ളപ്പൊക്കം വന്നപ്പോൾ ജാതിയും മതവുമില്ലാത്ത കേരളം നാം കണ്ടതാണ്. അങ്ങനെയുള്ള കേരളമാണ് വേണ്ടത്. യോഗത്തിന്റെ മുൻകാല നേതാക്കൾ പിന്തുടർന്ന അതേ പാതയിലൂടെയാണ് യോഗം ഇപ്പോഴും പോകുന്നത്. മനുഷ്യൻ നന്നാവാനുള്ള കൂട്ടായ്മയായാണ് വനിതാ മതിലിനെ കാണുന്നത്. ഈഴവ സമുദായത്തിലടക്കം ഈ നാട്ടിൽ പാവങ്ങളുണ്ട്. അവരെ ഉയർത്താൻ മതിലിന് കഴിയട്ടെ എന്നും പ്രീതി നടേശൻ പറഞ്ഞു.