ration-store

കൊച്ചി: പൊടിയും നാറ്റവും വിട്ട് റേഷൻ കടകൾ സുന്ദരികളാകുന്നു. ഈ മാസം 31നകം പെയിന്റടിച്ച് വൃത്തിയാക്കി ഏക രൂപികളാക്കും ന്യായവില ഷാപ്പുകളെ. പുതുവർഷത്തിൽ പുതു ലുക്ക് നൽകാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സിവിൽ സപ്ളൈസ് വകുപ്പ്. നവീകരണ പ്രവൃത്തികൾക്ക് 2500 രൂപ വീതം റേഷൻ കടയുടമകളുടെ അക്കൗണ്ടിലെത്തിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 14,435 കടകൾ നവീകരിക്കുന്നത്. 2.90 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ജനുവരി 31ന് മുമ്പ് നവീകരിച്ചില്ലെങ്കിൽ കെ.ആർ.ഒ.(കേരള റേഷൻ ഓ‌ർഡർ) അനുശാസിക്കുന്ന ശിക്ഷാ നടപടിയുണ്ടാവുമെന്ന് കടയുടമകൾക്ക് സർക്കുലറുമയച്ചു. ആദ്യമായാണ് റേഷൻ കടകളുടെ നിറം ഏകീകരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 10 കടകൾ പച്ച പെയിന്റ് അടിച്ച് പുതുക്കിയെങ്കിലും ചെലവ് കൂടിയ ഡിസൈൻ ആയതിനാൽ ഉപേക്ഷിച്ചു.

പുതിയ മുഖം

 ഒരേ പോലുള്ള ബോർഡുകൾ

 കളർ പാറ്റേൺ

 സ്റ്റോക്ക് ബോർഡ്

 വിലവിവരപ്പട്ടിക

നിറങ്ങൾ

 കടയുടെ ഉൾവശം വെള്ള

 ഷട്ടറിന് വെള്ള നിറവും ഇടതുവശം താഴേ ചുവപ്പും മഞ്ഞയും ഇടകലർന്ന വരകളും

 ഷട്ടറിന് ഒത്ത നടുവിൽ ഭക്ഷ്യഭദ്രതയുടെ ചിഹ്നം.

'പെയിന്റിംഗ് ഉൾപ്പെടെ പുരോഗമിക്കുകയാണ്. 2500 രൂപ വളരെ കുറവാണെങ്കിലും നിറം ഏകീകരിച്ച് റേഷൻ കടകളുടെ മുഖച്ഛായ മാറ്റുന്നത് സ്വാഗതാർഹം". -എൻ. ഷിജീർ,സംസ്ഥാന സെക്രട്ടറി റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.