കുറ്റ്യാടി : വേളം പഞ്ചായത്തിലെ കാക്കുനിയിൽ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നു മുസ്ലീം ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പൊട്ടാത്ത രണ്ട് ബോംബുകൾ പൊലീസ് കണ്ടെത്തി.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ പറമ്പത്ത് അബ്ദുല്ല മുസ്ല്യാരുടെ വീട്ടു പറമ്പിലാണ് സ്‌ഫോടനം. പറമ്പത്ത് സാലിഹ് (26),പറമ്പത്ത് മലയിൽ മുനീർ (22),കുളങ്ങര ഷംസീർ (23)എന്നിവർക്കാണ് പരിക്ക്. സാലിഹിന്റെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. കാലിനും,കണ്ണിനും പരിക്കുണ്ടെന്നും പൊലീസ് പറഞ്ഞു. സ്‌ഫോടനം നടന്നതറിഞ്ഞ് കുറ്റ്യാടി സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. ഇതിനിടയിലാണ് പൊട്ടാത്ത രണ്ട് നാടൻ ബോംബുകൾ ലഭിച്ചത്. സാലിഹിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം,സി.പി.ഐ ചേരാപുരം ലോക്കൽ കമ്മറ്റികൾ ആവശ്യപ്പെട്ടു. മേഖലയിൽ സ്ഥിരമായി ബോംബ് നിർമ്മാണവും,പരീക്ഷണവും നടന്നു വരുകയാണ്.രാത്രി കാലങ്ങളിൽ ചാലിൽപ്പാറ, തുലാറ്റുനട ഭാഗങ്ങളിൽ ബോംബ് നിർമ്മാണവും സ്‌ഫോടനവും നടക്കുന്നുണ്ട്. ഒരു മാസം മുമ്പ് ഇതിനടുത്ത് ബോംബ് കണ്ടെടുത്തിരുന്നു.