modi

 പുതുവത്സരദിനത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഓർഡിനൻസിറക്കുന്നത് കോടതി നടപടികൾക്ക് ശേഷമേ പരിഗണിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി. പുതുവത്സരദിനത്തിൽ വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് രാമക്ഷേത്ര വിഷയത്തിൽ നരേന്ദ്രമോദി നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ ആരോപണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയും മോദി നൽകി. 'ഭരണഘടനയ്ക്കനുസൃതമായേ പ്രശ്‌നപരിഹാരമുണ്ടാക്കൂ. ഇത് ബി.ജെ.പി തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിട്ടുണ്ട്. കോടതി നടപടികൾ അവസാനിക്കാൻ അനുവദിക്കൂ. അതിനുശേഷം സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റാം. മുത്തലാഖ് ഓർഡിനൻസ് കൊണ്ടുവന്നത് സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിലാണ്. കോടതി നടപടികൾ വൈകാനായി കോൺഗ്രസ് അഭിഭാഷകർ സുപ്രീംകോടതിയിൽ തടസമുണ്ടാക്കുന്നു. ഈ അഭിഭാഷകരെ തടയണമെന്ന് കോൺഗ്രസിനോട് അപേക്ഷിക്കുകയാണ്.'- പ്രധാനമന്ത്രി പറഞ്ഞു.

നാലിന് അയോദ്ധ്യ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. സംഘപരിവാർ സംഘടനകൾ രാമക്ഷേത്ര നിർമ്മാണം വൈകുന്നതിനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രസർക്കാർ ഓർഡിനൻസിറക്കണമെന്ന് വി.എച്ച്.പി സമ്മർദ്ധം ശക്തമാക്കിയിരുന്നു.

റാഫേലുമായി മുന്നോട്ട്

സൈന്യത്തെ ദുർബലമാക്കാൻ ആഗ്രഹിക്കുന്നവർ ആരോപണങ്ങളുന്നയിക്കും. എന്തൊക്കെ അധിക്ഷേപങ്ങൾ ഉന്നയിച്ചാലും സത്യസന്ധതയുടെ വഴിയിലൂടെ മുന്നോട്ടുപോകും. രാജ്യസുരക്ഷയ്ക്ക് പ്രാമുഖ്യം നൽകും. ജവാൻമാർക്ക് എന്തൊക്കെയാണ് ആവശ്യം അത് ഉറപ്പാക്കും.

ഊർജിത് ഉജ്ജ്വലൻ

ഊർജിത് പട്ടേൽ ആർ.ബി.ഐ ഗവർണർ സ്ഥാനം രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലാണ്. രാഷ്ട്രീയ സമ്മർദ്ദമില്ല. രാജിവയ്ക്കുന്നതിന് 6-7 മാസം മുമ്പേ എന്നോട് പറഞ്ഞിരുന്നു. ആർ.ബി.ഐ ഗവർണറായി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ജുഡിഷ്യറിയും സി.ബി.ഐയും പോലുള്ള സ്ഥാപനങ്ങൾ സർക്കാരിന് പരമപ്രധാനമാണ്. സി.ബി.ഐയിലെ ആഭ്യന്തരകാര്യങ്ങൾ പുറത്തുവന്നപ്പോൾ നിയമപരമായി രണ്ടുപേരോടും അവധിയിൽ പ്രവേശിക്കാൻ പറയുകയായിരുന്നു.

ആൾക്കൂട്ട ആക്രമണം അപലപനീയം

ആൾക്കൂട്ട ആക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കരുത്. ഒരുമിച്ച് അപലപിക്കണം. ഇതൊക്കെ 2014ന് ശേഷം തുടങ്ങിയതാണോ?.എങ്ങനെയാണ് ആരംഭിച്ചത്. ആരാണ് തുടങ്ങിയത്. ഇതൊന്നും പുരോഗമനസമൂഹത്തിന് ചേർന്നതല്ല. ഇവ സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

മോദി അവരെ പോലെയല്ല

നോട്ടുനിരോധനം പെട്ടെന്നുണ്ടായതല്ല. ഒരു വർഷം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. കള്ളപ്പണമുള്ളവർക്ക് പിഴയോടെ നിക്ഷേപിക്കാൻ അവസരം നൽകി. മോദിയും മറ്റുള്ളവരെ പോലെ പെരുമാറുമെന്ന് അവർ കരുതി.അതുകൊണ്ട് കുറച്ചുപേരെ മുന്നോട്ടുവന്നുള്ളൂ.

പാക്കിസ്ഥാനെ മാറ്റാൻ സമയമെടുക്കും

സർജിക്കൽ സ്ട്രൈക്കിന് ഞാൻ വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. വിജയമോ, പരാജയമോ നോക്കേണ്ടതില്ല. നേരം പുലരും മുൻപ് മടങ്ങിയെത്താൻ നിർദ്ദേശിച്ചിരുന്നു. പാക്കിസ്ഥാനെ ഒറ്റയടിക്ക് മാറ്റാനാവില്ല. കൂടുതൽ സമയമെടുക്കും.

തോറ്റു, പഠിക്കുന്നു

തെലുങ്കാനയിലും മിസോറാമിലും ബി.ജെ.പിക്ക് അവസരം കിട്ടിയില്ല. ഛത്തീസ്ഗഢിൽ വ്യക്തമായ ജനവിധിയായിരുന്നു. ഞങ്ങൾ തോറ്റു. മറ്റു രണ്ട് സംസ്ഥാനങ്ങളിലും ഒപ്പത്തിനൊപ്പമാണ്. 15 വർഷത്തെ ശക്തമായ ഭരണവിരുദ്ധ വികാരത്തെയാണ് പ്രവർത്തകർ നേരിട്ടത്. ന്യൂനതയെന്താണെന്ന് ‌ഞങ്ങൾ ചർച്ചചെയ്യുകയാണ്.

 മോദിയെ തള്ളി ആർ.എസ്.എസ്

ന്യൂഡൽഹി: അയോദ്ധ്യ വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് മുമ്പ് ഓർഡിനൻസ് ഇറക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ തള്ളി ആർ.എസ്.എസ് രംഗത്ത്. രാമക്ഷേത്രമെന്ന വാഗ്ദാനം പാലിക്കാനാണ് ബി.ജെ.പിക്ക് ജനം ഭൂരിപക്ഷം നൽകിയതെന്നും ഈ സർക്കാരിന്റെ കാലത്ത് തന്നെ ക്ഷേത്രം നിർമ്മിക്കണമെന്നും ആർ.എസ്.എസ് ദേശീയ ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞു. മോദിക്ക് ശ്രീരാമനേക്കാൾ വലുതാണോ നിയമമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു.