vardy

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലെസ്റ്രർ സിറ്റി ഏക പക്ഷീയമായ ഒരുഗോളിന് എവർട്ടണെ കീഴടക്കി. രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ ജാമി വാർഡിയാണ് ലെസ്റ്ററിന്റെ വിജയഗോൾ നേടിയത്. 21 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ലെസ്റ്രർ ഏഴാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള എവർട്ടൺ പത്താം സ്ഥാനത്താണ്. സ്വന്തം തട്ടകമായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ ബാൾ പൊസഷനിലും ഉതിർത്ത ഷോട്ടുകളിലും പാസിംഗിലുമെല്ലാം മികച്ച് നിന്നത് എവർട്ടണായിരുന്നെങ്കിലും ലെസ്റ്രർ വലകുലുക്കാൻ അവർക്ക് കഴിയാതെ പോവുകയായിരുന്നു. ആദ്യ പകുതിയിൽ ജോൺജോ കെന്നിയുടെ ഗോൾ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിച്ചതും എവർട്ടണ് തിരിച്ചടിയായി.

58-ാം മിനിറ്റിൽ ക്ലിനിക്കൽ ഫിനിഷിംഗിലൂടെ വാർഡി ലെസ്റ്ററിന് ലീഡും ജയവും നേടിക്കൊടുക്കുകയായിരുന്നു. തുടർന്ന് ലെസ്റ്ററിന്റെ ഹാരി മഗ്യൂറിന് ലീഡുയർത്താനുള്ള അവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല. അത് ഓഫ് സൈഡുമായിരുന്നു. ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കുമെതിരെ ജയം നേടിയ ശേഷം കാർഡിഫിനെതിരെ തോൽവി വഴങ്ങിയ ലെസ്റ്രറിന് ഈ വിജയം തിരിച്ചുവരവ് കൂടിയായി. ബേൺലിയ്ക്കെതിരെ 5-1ന്റെ തകർപ്പൻ ജയം നേടിയ ശേഷം എവർട്ടണിന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റണോടും അവർ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്രിരുന്നു.