പുനലൂർ: എല്ലാ ജാതി മതസ്ഥരും ഒരുമയോടെ കഴിയുന്ന കേരളത്തിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ വനിതാമതിൽ നിമ്മിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ഗിരിവർഗ്ഗ മലവേടർ കേളനിയിലെ ആദിവാസികൾക്കൊപ്പം പുതുവർഷം ആഘോഷിക്കാൻ എത്തിയതായിരുന്നു ചെന്നിത്തലയും കുടുംബവും.
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയും തൊഴിലുറപ്പ് തൊഴിലാളികൾ അടക്കമുള്ളവരെയും സർക്കാർ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയുമാണ് വനിതാമതിലിൽ പങ്കെടുപ്പിച്ചത്. സർക്കാർ പണവും സ്വാധീനവും ഉപയോഗിച്ചല്ല വനിതാ മതിൽ നിർമ്മിക്കേണ്ടത്. വിദ്യാലയങ്ങൾക്ക് അവധി നൽകി ഹൈക്കോടതി വിധി പോലും ധിക്കരിച്ചാണ് കുട്ടികളെ മതിൽ പണിയാൻ എത്തിച്ചത്. വനിതാമതിൽ കൊണ്ട് കേരളത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
ആദിവാസികളുടെ ഉയർച്ചക്ക് ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇത് പ്രയോജനപ്പെടുത്താൻ ആദിവാസി സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. പുതുവർഷ കേക്ക് മുറിക്കൽ, ആദിവാസികളുടെ കലാപരിപാടികൾ, സമ്മാന വിതരണം എന്നിവയും ഉണ്ടായിരുന്നു.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ഭാരതീപുരം ശശി, സംസ്ഥാന സെക്രട്ടറി ചാമലക്കാല ജ്യോതികുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.