ന്യൂഡൽഹി: 2016 നവംബറിൽ 500, 1000 എന്നീ നോട്ടുകൾ നിരോധിക്കാനുള്ള തീരുമാനം ഒറ്റരാത്രികൊണ്ട് എടുത്തതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കള്ളപ്പണക്കാർക്ക് ഒരു വർഷം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും മോദി വ്യക്തമാക്കി. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നോട്ട് നിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്ക് ഒരു വർഷം എടുത്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് നോട്ട് നിരോധനം അനിവാര്യമായിരുന്നു. പാളം മാറ്റുമ്പോൾ തീവണ്ടിക്ക് ഒരൽപ്പം വേഗത കുറയ്ക്കേണ്ടിവരുമെന്നും മോദി പറഞ്ഞു. നോട്ട് നിരോധനം രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തെ സൂചിപ്പിച്ചാണ് മോദി ഇങ്ങനെ പറഞ്ഞത്.
കള്ളപ്പണം സൂക്ഷിക്കുന്നവർക്ക് പിഴയടച്ച് നിയമവിധേയമാക്കാനുള്ള അവസരം ഒരു വർഷം മുമ്പേ നൽകിയിരുന്നു. എന്നാൽ ഈ അവസരം കുറച്ച് പേർ മാത്രമാണ് ഉപയോഗപ്പെടുത്തിയത്. പണത്തിന്റെ വിനിമയം മുഖ്യധാരയിൽ സജീവമാക്കുന്നതിന് നോട്ടുനിരോധനം ആവശ്യമായിരുന്നു. നോട്ട് നിരോധനത്തോടെ ചാക്കുകളിൽ കെട്ടിസൂക്ഷിച്ചിരുന്ന കള്ളപ്പണം ബാങ്കുകളിലേക്ക് തിരികെയത്തി. കൂടാതെ ഇപ്പോൾ കൂടുതൽ പേർ നികുതി നൽകാൻ മുന്നോട്ട് വരുന്നുണ്ടെന്നും മോദി വ്യക്തമാക്കി.