ചെന്നെെ: ബാങ്കുകളിൽ നിന്ന് ലോണെടുത്ത് വിദേശത്ത് പോകുന്നവരെ തടയാൻ വേണ്ടി പാസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് മദ്രാസ് ഹെെക്കോടതി ആവശ്യപ്പെട്ടു. ലോൺ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
ജസ്റ്റിസ് എസ് വൈദ്യനാഥനാണ് കേന്ദ്ര സർക്കാറിനോട് നിയമത്തിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെട്ടത്. നിയമത്തിൽ ഭേദഗതി വന്നാൽ ബാങ്കുകർക്ക് ഉപഭോക്താക്കളുടെ കയ്യിൽ നിന്നും പാസ്‌പോർട്ട് ആവശ്യപ്പെടാം. മാത്രമല്ല ലോൺ തിരിച്ചടയ്ക്കാതെ വിദേശത്ത് പോകുന്നവരുടെ പാസ്‌പോർട്ട് കെെവശം വയ്ക്കാനും താൽക്കാലികമായി റദ്ദാക്കാനും ബാങ്കുകൾക്ക് കഴിയും. കൂടാതെ പാസ്‌പോർട്ട് പുതുക്കാൻ എത്തുന്നവരോട് ബാങ്കിൽ നിന്നുള്ള സാക്ഷ്യപത്രം ആവശ്യപ്പെടാവുന്നതുമാണ്.
എസ്. മംഗളം എന്ന അംഗനവാടി ജീവനക്കാരിയുടെ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹെെക്കോടതി ഈ നിർദേശം മുന്നോട്ട് വച്ചത്. പെട്ടന്ന് തന്നെ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ജസ്റ്റിസ് വൈദ്യനാഥൻ വ്യക്തമാക്കി.