ന്യൂഡൽഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അദ്ദേഹത്തിന്റെ വിദേശ യാത്ര. നാലര വർഷം കൊണ്ട് 48 യാത്രകളിലായി 55ഓളം രാജ്യങ്ങളാണ് നരേന്ദ്ര മോദി സന്ദർശിച്ചത്. ഇതിനായി ഏകദേശം 2021 കോടി രൂപയോളം ചെലവാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി.കെ സിംഗ് പാർലമെന്റിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിത തന്റെ വിദേശ യാത്രകളുമായി നിലനിൽക്കുന്ന വിവാദങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നു.
വിദേശ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ഉച്ചകോടികളിലും മറ്റും പ്രധാനമന്ത്രിയേക്കാൾ കുറഞ്ഞ ഒരാൾ പോയാൽ ഇന്ത്യയുടെ ശബ്ദം ആരും കേൾക്കില്ല. നമ്മുടെ രാജ്യത്തിന്റെ ശബ്ദം ലോകം കേൾക്കണമെങ്കിൽ പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾ അത്യന്താപേക്ഷിതമാണെന്ന് മോദി പറഞ്ഞു. മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗും ഒട്ടേറെ വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ശബ്ദം ലോകത്തെ കേൾപ്പിക്കുകയെന്നതാണ് തന്റെ പരിശ്രമമെന്നും മോദി കൂട്ടിച്ചേർത്തു. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.