കാസർകോട്: കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ വനിതാ മതിൽ തീർക്കാനെത്തിയവർക്ക് നേരെ കല്ലേറും അക്രമവും. വനിതകളെ കല്ലെറിഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് അഞ്ചു റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഗ്രനേഡ് പ്രയോഗിച്ചിട്ടും അക്രമിസംഘം പിൻമാറാത്തതിനെ തുടർന്നാണ് വെടിവയ്പുണ്ടായത്. അക്രമത്തിൽ നിരവധി പൊലീസുകാർക്കും സി.പി.എം, ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റു.കല്ലേറിൽ നിരവധി സ്ത്രീകൾക്കും പരിക്കേറ്റു. 20ഓളം സി.പി.എം പ്രവർത്തകരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ബേക്കൽ എസ്.ഐ കെ.പി വിനോദ്കുമാറിനും മൂന്നു പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനിതാ മതിലിന് അണിനിരക്കും മുമ്പ് ചേറ്റുകുണ്ടിലെ റെയിൽവേ ട്രാക്കിനോട് ചേർന്ന പുല്ലിന് ഒരു സംഘം തീയിടുകയായിരുന്നു. പ്രദേശത്ത് പുക നിറഞ്ഞു. പിന്നാലെ പരിപാടിക്കെത്തിയ സ്ത്രീകൾക്ക് നേരെ കല്ലേറുണ്ടായി. സി.പി.എം പ്രവർത്തകർ തിരിച്ചും കല്ലെറിഞ്ഞതോടെ സംഘർഷം വ്യാപിച്ചു. ഇതോടെ വനിതാ മതിൽ തീർക്കാൻ കഴിഞ്ഞില്ല.
മാദ്ധ്യമപ്രവർത്തകർക്കു നേരെയും കൈയേറ്റമുണ്ടായി. മനോരമ ന്യൂസ് കാമറമാൻ ടി.ആർ. ഷാനിനെ മർദ്ദിക്കുകയും കാമറ തല്ലിത്തകർക്കുകയും ചെയ്തു. റിപ്പോർട്ടർ എം.ബി.ശരത്ചന്ദ്രനു നേരെയും കൈയേറ്റശ്രമമുണ്ടായി. പൊലീസെത്തി മാദ്ധ്യമപ്രവർത്തകരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറ്റി. നാലു പൊലീസ് വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും കല്ലേറുണ്ടായി. ചേറ്റുകുണ്ടിലെ ബി.ജെ.പി പ്രവർത്തകരുടെ കടയ്ക്കു നേരെയും ആക്രമണമുണ്ടായി.