സന്നിധാനം: ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതികൾ രംഗത്ത്. നേരത്തെ ദർശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെ തുടർന്ന് മടങ്ങി പോയ ബിന്ദുവും കനകദുർഗയുമാണ് തങ്ങൾ സന്നിധാനത്ത് ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ദർശനം നടത്താൻ പൊലീസ് തങ്ങളെ സഹായിച്ചെന്നാണ് ഇവർ പറയുന്നത്. യുവതികൾ പതിനെട്ടാംപടി കയറുന്ന ദൃശ്യങ്ങൾ ചില ടിവി ചാനലുകൾ പുറത്തു വിട്ടിട്ടുണ്ട്.
തങ്ങളുടെത് അവകാശവാദമല്ല സത്യമാണെന്ന് ബിന്ദു പ്രതികരിച്ചു. പമ്പയിൽ എത്തിയതിന് ശേഷമാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് തനിക്കും കനക ദുർഗയ്‌ക്കും പൂർണ സുരക്ഷ ഒരുക്കിയെന്ന് ബിന്ദു പറഞ്ഞു. പതിനെട്ടാം പടി വഴിയല്ല കയറിയതെന്നും വി.ഐ.പി ലോഞ്ചിലൂടെയാണ് പൊലീസ് തങ്ങളെ എത്തിച്ചതെന്ന് യുവതി പറഞ്ഞു.
ദർശനത്തിന് ഒപ്പം പൊലീസ് ഉണ്ടായിരുന്നു. തിരിച്ചും വി.ഐ.പി ലോഞ്ചിലൂടെ തന്നെയാണ് തിരിച്ചിറക്കിയത്. പമ്പയിൽ എത്തിയാൽ സന്നിധാനത്ത് എത്തിക്കാമെന്ന വാഗ്‌ദാനം പൊലീസ് നൽകിയിരുന്നതായും ഇതനുസരിച്ചാണ് ദർശനത്തിനെത്തിയതെന്ന് ബിന്ദു വ്യക്തമാക്കി.