തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സ്വദേശി ബിന്ദുവിനും മലപ്പുറം സ്വദേശി കനകദുർഗയ്‌ക്കും ശബരിമല ദർശനത്തിന് പൊലീസ് സഹായമൊരുക്കിയത് ദേവസ്വം ബോർഡിന്റെയും, മുഖ്യമന്ത്രി പിണറായി വിജയന്റെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖത്തടിക്കും പോലെയാണെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ വ്യക്തമാക്കി. പൊലീസിന്റെ ഈ നാടകം ദൗർഭാഗ്യകരമാണെന്നും, യുവതികളെ സഹായിച്ചത് ശരിയല്ലെന്നും ഈ വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രാഹുൽ വിശദമാക്കി.
ആചാരലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഇവർ രഹസ്യമായി വന്നതുകൊണ്ടാണ് ഭക്തർക്കും പ്രതിഷേധക്കാർക്കും അവരെ തടയാൻ കഴിയാത്തതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതീവ രഹസ്യമായാണ് യുവതികൾ ശബരിമല ദർശനത്തിനെത്തിയത്. പതിനെട്ടാംപടി ചവിട്ടാതെ വി.ഐ.പി ലോഞ്ച് വഴിയാണ് തങ്ങളെ പൊലീസ് ദർശനത്തിനെത്തിച്ചതെന്ന് ബിന്ദുവും കനക ദുർഗയും പറഞ്ഞു. എങ്ങനെയും പമ്പയിൽ എത്തിയാൽ ദർശനം സാധ്യമാക്കാമെന്ന് പൊലീസ് തങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. ഇതനുസരിച്ച് പുലർച്ചെയാണ് എത്തിയത്.
'പിന്തിരിപ്പിക്കാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഭക്തരിൽ ചിലർ തിരിച്ചറിഞ്ഞിരുന്നു. സ്ത്രീകൾ കയറുന്നുണ്ടെന്ന് അവർ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. എന്നാൽ, പ്രതിഷേധമൊന്നും തന്നെ ഉണ്ടായില്ല. പൂർണ സുരക്ഷ പൊലീസ് ഒരുക്കിയിരുന്നെന്നും ബിന്ദു പറഞ്ഞു.