കൊച്ചി: ശബരിമലയിൽ പൊലീസ് സുരക്ഷയോടെ യുവതികൾ ദർശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ശബരിമലയിൽ യുവതികൾ കയറിയെന്നത് വസ്‌തുതയാണെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വച്ചാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്. നേരത്തെയും സ്ത്രീകൾ ശബരിമലയിൽ കയറാനായി പോയിട്ടുണ്ട്. എന്നാൽ തടസങ്ങൾ മൂലം തിരികെ വരികയാണുണ്ടായത്.ഇപ്പോൾ യുവതികൾ ദർശനം നടത്തിയെങ്കിൽ അവിടെ തടസങ്ങളില്ലെന്നാണ് അർത്ഥമാക്കുന്നതെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവ് സൈമൺ ബ്രിട്ടോയുടെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മലപ്പുറം സ്വദേശി കനകദുർഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പമ്പയിലെത്തിയത്. തുടർന്ന് തങ്ങൾക്ക് ശബരിമല ദർശനം നടത്താൻ സുരക്ഷ വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. സംരക്ഷണമില്ലെങ്കിലും തങ്ങൾ മലകയറുമെന്ന നിലപാടിലായിരുന്നു. മഫ്‌തിയിൽ ചില പൊലീസുകാരുടെ അകമ്പടിയോടെ പുലർച്ചെ 3.58ഓടെ സന്നിധാനത്തെത്തി. സന്നിധാനത്ത് രണ്ട് മിനിറ്റ് ചെലവിട്ട ശേഷം ഇവർ തിരിച്ചിറങ്ങുകയും ചെയ്‌തു. എന്നാൽ സാധാരണ ഭക്തർ കയറുന്ന പതിനെട്ടാം പടിയിലൂടെ കയറ്റാതെ സ്‌റ്റാഫ് ഗേറ്റ് വഴിയാണ് ഇവരെ സന്നിധാനത്ത് എത്തിച്ചത്. ദർശനത്തിന് ശേഷം പൊലീസിന്റെ അകമ്പടിയോടെ തന്നെ ഇവരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു. യുവതികൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമായിട്ടില്ല.