mt-ramesh

തിരുവനന്തപുരം: കോടിക്കണക്കിന് അയ്യപ്പവിശ്വാസികളുടെ വിശ്വാസങ്ങളെ വേദനിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ഇതിനെതിരെ ഇന്നും നാളെയും അയ്യപ്പഭക്തർ രാജ്യവ്യാപകമായി നാമജപ പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയെക്കൊണ്ട് ഇതിന് മറുപടി പറയിക്കും. പമ്പയിൽ നിന്ന് ആംബുലൻസ് ഉപയോഗിച്ചാണ് സന്നിധാനത്തെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിൽ സി.പി.എമ്മുകാരായ കണ്ണൂരിൽ നിന്നുള്ള പൊലീസുകാരെ കഴിഞ്ഞ ദിവസം നിയോഗിച്ച ശേഷമാണ് യുവതീ പ്രവേശനം സാധ്യമാക്കിയത്. ഇന്ന് പുലർച്ചെ ശബരിമലയിലേക്കുള്ള വഴിയിലെങ്ങും യുവതികളെ ഭക്തർ കണ്ടിട്ടില്ല. ആംബുലൻസിലാണ് യുവതികളെ പമ്പയിൽ നിന്നും സന്നിധാനത്ത് എത്തിച്ചത്. ശബരിമലയിൽ യുവതികളെ എത്തിക്കാൻ നേരത്തെ ശ്രമിച്ചതിന് പിന്നിലും സർക്കാരിന്റെയും സി.പി.എമ്മിന്റെയും നീക്കമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുയാണ്. മകരവിളക്ക് സമയത്ത് ആയിരക്കണക്കിന് ഭക്തരുടെ ദർശനം മുടങ്ങിയിരിക്കുകയാണ്. സമാനതകളില്ലാത്ത ഈ സംഭവത്തിന് പിന്നിൽ മുഖ്യമന്ത്രിയാണ്. ഇതിന് മുഖ്യമന്ത്രി അയ്യപ്പഭക്തരോട് മാപ്പ് പറയണം. കോടിക്കണക്കിന് അയ്യപ്പവിശ്വാസികളെ വേദനിപ്പിച്ച് അധികാരത്തിൽ തുടരാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഇന്നും നാളെയും ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്ത് വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.