തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. ഒരു വലിയ ജനവിശ്വാസത്തിന്റെ മനസിനെ മുറിവേൽപ്പിച്ചാണ് യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയെന്ന സംഭവം മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചതെന്ന് കെ. സുധാകരൻ പറഞ്ഞു. ക്ഷേത്ര ആചാരങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന തെറ്റായ സമീപനം ഒരു ഭരണാധികാരിക്ക് ചേർന്നതല്ലെന്നും സുധാകരൻ മാദ്ധ്യപ്രവർത്തകരോട് പറഞ്ഞു.
നവോത്ഥാനത്തിന്റെ എ.ബി.സി.ഡി കേരളത്തിലെ മുഖ്യമന്ത്രിക്കറിയില്ല. അചാരലംഘനം നടന്നോ എന്ന ചോദ്യത്തിന്, സന്നിധാനത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച ശേഷം മാറ്റുകാര്യങ്ങൾ പറയാമെന്ന് സുധാകരൻ പറഞ്ഞു. നീചവും നികൃഷ്ടവുമായ സമീപനമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുവതികൾ സന്നിധാനത്ത് പ്രവേശിച്ചതിനെ തുടർന്ന് ശബരിമല സന്നിധാനത്തിന്റെ നട അടച്ചു. സന്നിധാനത്ത് ശുദ്ധിക്രിയ നടത്തുമെന്നാണ് സൂചന. ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്ത്രിയും മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത്. പുലർച്ചെ പമ്പയിൽ എത്തിയ ഇവർ പൊലീസിന്റെ സഹായത്തോടെ അതീവ രഹസ്യമായി ദർശനം നടത്തുകയായിരുന്നു.
ഇതിനിടെ ശബരിമലയിൽ പൊലീസ് സുരക്ഷയോടെ യുവതികൾ ദർശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ശബരിമലയിൽ യുവതികൾ കയറിയെന്നത് വസ്തുതയാണെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വച്ചാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്. നേരത്തെയും സ്ത്രീകൾ ശബരിമലയിൽ കയറാനായി പോയിട്ടുണ്ട്. എന്നാൽ തടസങ്ങൾ മൂലം തിരികെ വരികയാണുണ്ടായത്.ഇപ്പോൾ യുവതികൾ ദർശനം നടത്തിയെങ്കിൽ അവിടെ തടസങ്ങളില്ലെന്നാണ് അർത്ഥമാക്കുന്നതെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.