തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയതിന് പിന്നാലെ നടയടച്ച തന്ത്രി കണ്ഡരര് രാജീവരർക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടഫറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ശബരിമല നടയടച്ച തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധി ലംഘനമാണെന്ന് കോടിയേരി പറഞ്ഞു. ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നടയടച്ച സംഭവത്തിൽ കോടതിയലക്ഷ്യ നടപടികൾക്ക് തന്ത്രിയെ വിധേയമാക്കേണ്ട കുറ്റമാണ് തന്ത്രി ചെയ്തത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്തം തന്ത്രിക്കും ദേവസ്വം ബോർഡിനുമാണുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കക്ഷി ചേർന്ന തന്ത്രിയുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലൊരു നടപടിയുണ്ടായതെന്നും കോടിയേരി വ്യക്തമാക്കി.
നടയടച്ച സംഭവത്തിനെതിരെ സംസ്ഥാന സർക്കാർ ഗൗരവമായി കാണണമെന്നും നിയമപരമായ തുടർനടപടികളിലേക്ക് കടക്കണമെന്നും കോടിയേരി പറഞ്ഞു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത്. പുലർച്ചെ പമ്പയിൽ എത്തിയ ഇവർ പൊലീസിന്റെ സഹായത്തോടെ അതീവ രഹസ്യമായി ദർശനം നടത്തുകയായിരുന്നു.
ഇതിനിടെ ശബരിമലയിൽ പൊലീസ് സുരക്ഷയോടെ യുവതികൾ ദർശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ശബരിമലയിൽ യുവതികൾ കയറിയെന്നത് വസ്തുതയാണെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വച്ചാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്. നേരത്തെയും സ്ത്രീകൾ ശബരിമലയിൽ കയറാനായി പോയിട്ടുണ്ട്. എന്നാൽ തടസങ്ങൾ മൂലം തിരികെ വരികയാണുണ്ടായത്.ഇപ്പോൾ യുവതികൾ ദർശനം നടത്തിയെങ്കിൽ അവിടെ തടസങ്ങളില്ലെന്നാണ് അർത്ഥമാക്കുന്നതെന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.