തിരുവനന്തപുരം: യുവതീ പ്രവേശനത്തിൽ ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയവർക്കെതിരെ ദളിതർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമ പ്രകാരം കേസെടുക്കണമെന്ന് മലയരയ സമാജ നേതാവ് പി.കെ സജീവ് വ്യക്തമാക്കി. ശുദ്ധിക്രിയ നടത്തിയതിലൂടെ ഇപ്പോൾ നടക്കുന്നത് അയിത്താചരണമാണ്. സ്ത്രീകൾ അശുദ്ധരാണ് എന്ന് പറയുന്നത് എന്ത് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്നും സ്ത്രീകളെ അശുദ്ധരായി കണക്കാക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പൗരോഹിത്യവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്.
ഇവിടെ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നത്. ഭരണഘടനാ ലംഘനമാണ് ശുദ്ധിക്രിയയിലൂടെ ശബരിമലയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരോഹിത്യത്തിന്റെ ഭരണഘടന മനുസ്‌മൃതിയാണ്. വിശ്വാസികളുടെ വികാരമൊന്നും ഇവിടെ വൃണപ്പെട്ടിട്ടില്ല. ശബരിമലയിൽ കയറിയ യുവതികളിലൊരാൾ ദളിതയാണ്. ഉത്തരവാദികൾക്കെതിരെ യഥാർത്ഥത്തിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയാണ് വേണ്ടത്. വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അടിസ്ഥാന ജനവിഭാഗം സർക്കാരിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.