തൃശൂർ: ശബരിമല നട അടച്ചത് ദേവസ്വം ബോർഡിനോട് ആലോചിച്ചാണെങ്കിൽ പോലും കോടതി അലക്ഷ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിന് ഉത്തരം തന്ത്രി തന്നെ ശബരിമലയിൽ പറയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂരിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ യുവതികൾ കയറിയെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ആരെയും അറിയിക്കാതെയാണ് യുവതികൾ ശബരിമലയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പ്രചരിച്ചത്. തുടർന്നാണ് താനും ഇക്കാര്യം അറിഞ്ഞത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ആരെങ്കിലും എത്തിയാൽ അവർക്ക് സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്.
ദർശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന സംവിധാനം നിലവിൽ ശബരിമലയിൽ ഇല്ല. 91ൽ യുവതീ പ്രവേശനം ഹൈക്കോടതി നിരോധിച്ചപ്പോൾ അത് സർക്കാർ നടപ്പിലാക്കി. എന്നാൽ സുപ്രീം കോടതി ഈ വിധിയെ തിരുത്തിയപ്പോൾ അതും സർക്കാർ നടപ്പിലാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡുമായി ആലോചിച്ച ശേഷമല്ല തന്ത്രി നട അടച്ചത്. ഇനി ദേവസ്വം ബോർഡുമായി ആലോചിച്ചാണെങ്കിൽ പോലും അത് കോടതി അലക്ഷ്യമാണ്. ഇക്കാര്യത്തിൽ തന്ത്രി തന്നെ കോടതിയിൽ ഉത്തരം പറയട്ടെയെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതിഷേധം, കരിങ്കൊടി
അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മന്ത്രി കടകംപള്ളിക്ക് നേരെ യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ കരിങ്കാടി കാണിച്ചു. മന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. പ്രതിഷേധക്കാരെ സ്‌റ്റേഷനിലേക്ക് മാറ്റുന്ന വാഹനത്തിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു.