sabarimala-protest
സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ബി.ജെ.പി പ്രതിഷേധത്തിനിടെ മാദ്ധ്യമ പ്രവർത്തകരെ ആക്രമിക്കുന്നു

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ മഹിളാ മോർച്ചാ പ്രവർത്തകർ സെക്രട്ടേറിയറ്റിലെ സുരക്ഷാ വേലികൾ ഭേദിച്ച് ഉള്ളിലേക്ക് കടന്നു. അതീവ സുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയ ഏഴോളം മഹിളാ മോർച്ചാ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ കടന്ന് പോകുന്ന സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ് ഗേറ്റ് വഴിയാണ് പ്രവർത്തകർ കടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചഭക്ഷണത്തിനായി വസതിയിലേക്ക് പോകുന്ന സമയത്ത് നടന്ന പ്രതിഷേധം വൻ സുരക്ഷാ വീഴ്‌ചയായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് കന്റോൺമെന്റ് സ്‌റ്റേഷനിലേക്ക് മാറ്റി.

മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയ പ്രവർത്തകർ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും കൈയ്യേറ്റം നടത്തി. വനിതകൾ അടക്കമുള്ള മാദ്ധ്യമ പ്രവർത്തകർക്ക് നേരെ സമരക്കാർ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പലരുടെയും കാമറകൾ പിടിച്ചു വാങ്ങാനും മർദ്ദിക്കാനും ശ്രമമുണ്ടായി.

സംസ്ഥാനത്തുടനീളം പ്രതിഷേധം

അതേസമയം, യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധമാണ് നടത്തുന്നത്. ചെറിയ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന്റെ നിരവധി സ്ഥലങ്ങളിൽ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. കൊട്ടാരക്കരയിൽ ശബരിമല കർമസമിതി പ്രവർത്തകർ നിർബന്ധിച്ച് കടകൾ അടപ്പിച്ചു. നെയ്യാറ്റിൻകരയിലും കൊച്ചി കച്ചേരിപ്പടിയിലും ശബരിമല കർമസമിതി പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.