തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ കയറിയതിന് പിന്നാലെ ശ്രീകോവിൽ അടച്ചതിന് തന്ത്രിക്ക് നന്ദി പറയുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. യുവതികൾ കയറിയത് മൂലം എൻ.എസ്.എസിന്റെ നിയമയുദ്ധം നിറുത്തില്ല. ജനുവരി 22ന് വിധി എതിരായാൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുക മാത്രമാണ് പോംവഴി. ഇതിന് വേണ്ടി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മലപ്പുറം സ്വദേശി കനകദുർഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പമ്പയിലെത്തിയത്. തുടർന്ന് തങ്ങൾക്ക് ശബരിമല ദർശനം നടത്താൻ സുരക്ഷ വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. സംരക്ഷണമില്ലെങ്കിലും തങ്ങൾ മലകയറുമെന്ന നിലപാടിലായിരുന്നു. മഫ്‌തിയിൽ ചില പൊലീസുകാരുടെ അകമ്പടിയോടെ പുലർച്ചെ 3.58ഓടെ സന്നിധാനത്തെത്തി. സന്നിധാനത്ത് രണ്ട് മിനിറ്റ് ചെലവിട്ട ശേഷം ഇവർ തിരിച്ചിറങ്ങുകയും ചെയ്‌തു. എന്നാൽ സാധാരണ ഭക്തർ കയറുന്ന പതിനെട്ടാം പടിയിലൂടെ കയറ്റാതെ സ്‌റ്റാഫ് ഗേറ്റ് വഴിയാണ് ഇവരെ സന്നിധാനത്ത് എത്തിച്ചത്. ദർശനത്തിന് ശേഷം പൊലീസിന്റെ അകമ്പടിയോടെ തന്നെ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു. യുവതികൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമായിട്ടില്ല.