ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എ.എൻ.ഐയ്‌ക്കു നൽകിയ അഭിമുഖത്തിൽ മോദിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും 15 ലക്ഷം രൂപ ജനങ്ങൾക്ക് നൽകുമെന്ന വാഗ്‌ദാനത്തെക്കുറിച്ചോ, 80 കോടിയുടെ കള്ളപ്പണത്തെക്കുറിച്ചോ സംസാരിച്ചില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സർജേവാല വ്യക്തമാക്കി.
‘മോദി, മോദിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. രാജ്യത്തെക്കുറിച്ചോ പാർട്ടിയേക്കുറിച്ചോ സംസാരിച്ചില്ല. ഓരോ വർഷവും സൃഷ്ടിക്കുമെന്ന് പറഞ്ഞ 2 കോടി തൊഴിലവസരത്തെക്കുറിച്ച് സംസാരിച്ചില്ലെന്നും രൺദീപ് സിംഗ് പറഞ്ഞു.
അയോദ്ധ്യ കേസിൽ ഓർഡിനൻസ് കോടതി നടപടികൾക്ക് ശേഷമായിരിക്കുമെന്ന് മോദി അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. രാമക്ഷേത്ര വിഷയത്തിൽ നടക്കുന്ന കേസ് നടപടികൾ കോൺഗ്രസിന്റെ ഇടപെടൽ മൂലം വൈകുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. വിഷയത്തിലെ തീരുമാനം വൈകിപ്പിക്കാൻ കോൺഗ്രസ് മനഃപൂർവം സുപ്രീം കോടതിയിൽ തടസങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബി.ജെ.പി ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി ജനാധിപത്യ വിരുദ്ധ നിലപാടല്ല സ്വീകരിച്ചത്. ബി.ജെ.പിക്ക് ജനങ്ങളെ വിശ്വാസമുണ്ട്. അതുപോലെ ജനങ്ങൾക്ക് ബി.ജെ.പിയെയും വിശ്വാസമുണ്ടെന്നും മോദി പറഞ്ഞിരുന്നു.