vyapari

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നാളെ ആഹ്വാനം ചെയ്‌ത ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ. തുടർച്ചയായ ഹർത്താലുകൾ മൂലം കനത്ത നഷ്‌ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്. അതിനാൽ എല്ലാ കടകളും നാളെ തുറക്കും. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് നസിറുദ്ദീൻ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഹർത്താലുകളോട് സഹകരിക്കില്ലെന്ന് നേരത്തെ തന്നെ വ്യാപാരികൾ പ്രഖ്യാപിച്ചിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് വിവിധ സംഘടനകൾ നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മലപ്പുറം സ്വദേശി കനകദുർഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പമ്പയിലെത്തിയത്. തുടർന്ന് തങ്ങൾക്ക് ശബരിമല ദർശനം നടത്താൻ സുരക്ഷ വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. സംരക്ഷണമില്ലെങ്കിലും തങ്ങൾ മലകയറുമെന്ന നിലപാടിലായിരുന്നു. മഫ്‌തിയിൽ ചില പൊലീസുകാരുടെ അകമ്പടിയോടെ പുലർച്ചെ 3.58ഓടെ സന്നിധാനത്തെത്തി. സന്നിധാനത്ത് രണ്ട് മിനിറ്റ് ചെലവിട്ട ശേഷം ഇവർ തിരിച്ചിറങ്ങുകയും ചെയ്‌തു. എന്നാൽ സാധാരണ ഭക്തർ കയറുന്ന പതിനെട്ടാം പടിയിലൂടെ കയറ്റാതെ സ്‌റ്റാഫ് ഗേറ്റ് വഴിയാണ് ഇവരെ സന്നിധാനത്ത് എത്തിച്ചത്. ദർശനത്തിന് ശേഷം പൊലീസിന്റെ അകമ്പടിയോടെ തന്നെ ഇവരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു. യുവതികൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമായിട്ടില്ല.